കലഞ്ഞൂർ ∙ കുടുത്ത ജംക്‌ഷനിൽ ബസും കാറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.10 നാണ് സംഭവം. തലയ്ക്കു പരുക്കേറ്റ ബസ് യാത്രക്കാരി കലഞ്ഞൂർ വിജയ ഭവനിൽ ഗീത (48) യെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുന്ന സീറ്റ് ഇളകി മുന്നിലെ കമ്പിയിൽ തലയിടിച്ചാണു പരുക്കേറ്റത്. ഇടതു കൈയ്ക്കും പരുക്കുണ്ട്. പൂതങ്കര, തേപ്പുപാറ വഴി പത്തനാപുരം-അടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഐശ്വര്യ ബസാണ് അപകടത്തിൽപെട്ടത്. കലഞ്ഞൂരിൽനിന്ന് അടൂരിലേക്കു പോകുകയായിരുന്ന ബസും പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട ്ടി ഇടിച്ചത്.
കുടുത്ത ജംക്‌ഷനിൽ ഇടത്തോട്ടു റോഡുള്ളത് അറിയാതെ നേരെ വരുമ്പോഴാണ് കലഞ്ഞൂർ ഭാഗത്തു നിന്നും പൂതങ്കര റോഡിലേക്ക് കടന്നുവന്ന ബസ് കാറുമായി ഇടിക്കുന്നത്. എതിർഭാഗത്തു നിന്ന് വാഹനം വരുന്നുണ്ടോ എന്ന് പരിശോധിക്കാതെ ഇരുവാഹനങ്ങളും ജംക്‌ഷൻ കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണം. ഇളമണ്ണൂർ 23ൽ നിന്നും തിയറ്റർ പടിയിൽനിന്നും കലഞ്ഞൂർ ഭാഗത്തേക്കുള്ള റോഡ് മെച്ചപ്പെടുത്തിയശേഷം അതിവേഗമാണ് ഈ വഴി വാഹനങ്ങൾ കടന്നുപോകുന്നത്. സ്ഥിരം അപകട മേഖലയായ ഇവിടെ സൂചന ബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. നവംബർ 11ന് ഇതു സംബന്ധിച്ച വാർത്ത മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു