തിരുവല്ല ∙ വൈദ്യുതി തുകയായി ലഭിച്ച അമിത ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ ഇരുട്ടിലായ പെരിങ്ങര ആലഞ്ചേരിൽ വിജയനും കുടുംബത്തിനും ഇനി വെളിച്ചം കിട്ടും. വിഛേദിച്ച വൈദ്യുതി ഇന്നലെ 11 മണിയോടെ കെഎസ്ഇബി മണിപ്പുഴ സെക്‌ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി പുനഃസ്ഥാപിച്ചു.

വിജയന്റെ വീട്ടിലെ വൈദ്യുത കണക്‌ഷൻ സംബന്ധിച്ച മഹസർ റിപ്പോർട്ട് തയാറാക്കി വൈദ്യുതി വകുപ്പിന് നൽകി അമിത ബിൽ തുക റദ്ദ് ചെയ്തു നൽകുന്നതിനു നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മുറി വീട് മാത്രമുള്ള കുടുംബത്തിന് 17044 രൂപയുടെ ബില്ല് രണ്ടാഴ്ച മുൻപാണ് ലഭിച്ചത്. സാധാരണ 500 രൂപയിൽ താഴെ മാത്രമാണ് ഇതുവരെ കിട്ടിയിരുന്നത്. അമിത ബില്ല് ലഭിച്ചതിന് പരാതി നൽകിയെങ്കിലും ബില്ല് അടയ്ക്കാതെ വന്നതോടെ ചൊവ്വാഴ്ച വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു.