ADVERTISEMENT

പന്തളം ∙ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന മാലിന്യ സംസ്കരണ പദ്ധതിയുമായി പന്തളം നഗരസഭ. കുന്നുകൂടിക്കിടക്കുന്ന മാലിന്യം തരംതിരിച്ച് വിവിധ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനൊപ്പം പിന്നീട് വരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പദ്ധതിയുമാണ് നഗരസഭ നടപ്പാക്കുന്നത്. നിലവിൽ മാലിന്യക്കൂമ്പാരങ്ങളായ പ്രദേശങ്ങളെ മാലിന്യരഹിതമാക്കി ഉദ്യാനങ്ങളും വിശ്രമകേന്ദ്രങ്ങളുമാക്കി മാറ്റാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചത് സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുന്നതിനിടെയാണ്, കഴിഞ്ഞ 13ന് പന്തളം ചന്തയുടെ പടിഞ്ഞാറ് ഭാഗത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ തീ അണയ്ക്കാനായെങ്കിലും പ്രദേശവാസികളിൽ ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ ആശങ്കയിൽ നിന്നാണ് മാലിന്യ സംസ്കരണത്തിന് മാതൃകാ പദ്ധതിയുമായി നഗരസഭ മുന്നോട്ടുവന്നത്.

പന്തളം ചന്തയ്ക്ക് സമീപം മുട്ടാർ നീർച്ചാലിനോട് ചേർന്ന് വർഷങ്ങളായി കെട്ടിക്കിടക്കുന്ന വലിയ മാലിന്യക്കൂമ്പാരത്തിനും തീപിടിത്ത സാധ്യതയുണ്ടെന്ന് മനസ്സിലായതോടെ നടപടികൾ വേഗത്തിലായി. ഹരിതകർമ സേനാംഗങ്ങൾ ഉൾപ്പെടെ 60ൽ ഏറെ പേർ ചേർന്നാണ് നഗരഹൃദയ ഭാഗത്ത് കെട്ടിക്കിടന്ന മാലിന്യം നീക്കംചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ ഇവിടെനിന്നു മാലിന്യം പൂർണമായി നീക്കും. ശേഖരിക്കുന്ന മാലിന്യം ആലപ്പുഴയിലെ സ്വകാര്യ കമ്പനിക്ക് കൈമാറും. പിന്നീട്, ഈ സ്ഥലത്ത് പൂന്തോട്ടം ഉൾപ്പെടെ തയാറാക്കുന്നതും പരിഗണനയിലുണ്ട്.

ചന്തയ്ക്കു സമീപം ഉണ്ടായിരുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായിരുന്നു. നഗരസഭാ പരിധിയിൽ നിന്നു ലോറിയിലെത്തിക്കുന്ന മാലിന്യം ഇവിടെ തള്ളുകയായിരുന്നു. 2018ലെ പ്രളയം കൂടി കഴിഞ്ഞതോടെ ഇവിടെ മാലിന്യമല തന്നെ രൂപപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം പ്ലാസ്റ്റിക് തരംതിരിക്കൽ ചെറിയ തോതിലാണ് നടത്താൻ കഴിഞ്ഞിരുന്നത്. ഇതോടെ വലിയ മാലിന്യക്കൂമ്പാരം രൂപപ്പെട്ടു.

വഴി തേടി തിരുവനന്തപുരത്ത്

തീപിടിത്ത സാധ്യത ആശങ്കയായതോടെ നഗരസഭാ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ ഖരമാലിന്യ പരിപാലന വിഭാഗം, ശുചിത്വമിഷൻ, ഫയർ ഫോഴ്സ് എന്നിവയുടെ മേധാവികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി. ലോക ബാങ്ക് സഹായത്തോടെയുള്ള പദ്ധതിയിൽ ബയോ മൈനിങ് നടത്താൻ സെപ്റ്റംബറിലാണ് അനുമതി ലഭിച്ചിരുന്നത്. സമയപരിധി കുറയ്ക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. തുടർന്ന് ശുചിത്വമിഷന്റെ നിർദേശംകൂടി പരിഗണിച്ചു കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര കൗൺസിലിലാണ് മാലിന്യം നീക്കാൻ തീരുമാനമായത്.

മാലിന്യം സ്വകാര്യ കമ്പനിക്ക്

നീക്കംചെയ്യുന്ന മാലിന്യം കൈമാറുന്നത് സംബന്ധിച്ചു ധാരണയായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ആലപ്പുഴയിലെ സ്വകാര്യ കമ്പനിക്കാണ് കൈമാറുക. ബയോ മൈനിങ് നടത്താൻ അനുമതിയുള്ളത് സെപ്റ്റംബറിലാണ്. അതുവരെ ഇവ സൂക്ഷിക്കുന്നതിലെ അപകടഭീഷണി പരിഗണിച്ചാണ് പെട്ടെന്നുള്ള തീരുമാനം.

നഗരത്തിന് ആശ്വാസം

മാലിന്യക്കൂമ്പാരം നീക്കംചെയ്യുന്നത് സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പരിസരത്തെ ഓഫിസുകൾക്കും ആശ്വാസമാകും. പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിനു സമീപമുണ്ടായിരുന്ന കുടുംബശ്രീ കന്റീനും ചന്തയ്ക്ക് സമീപം അടുത്ത കാലത്ത് തുടങ്ങിയ കുടുംബശ്രീ കഫേയും പൂട്ടിയതിന്റെ പ്രധാന കാരണം ഈ മാലിന്യക്കൂമ്പാരമാണ്. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമായി ഇത് മാറിയിരുന്നു.

തുമ്പൂർമൂഴി മാതൃക; പ്ലാന്റ് തയാർ‌

നിലവിലെ മാലിന്യം പൂർണമായി നീക്കിയശേഷം പിന്നീട് വരുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് നിശ്ചിത ഇടവേളകളിൽ ക്ലീൻ കേരളയ്ക്ക് കൈമാറും. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശുചിത്വമിഷന്റെ ധനസഹായത്തോടെ തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതിന്റെ പ്രവർത്തനവും അടുത്തമാസം മുതൽ ആരംഭിക്കും. 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് 4 അറകളുള്ള യൂണിറ്റ് നിർമിച്ചത്.

മാലിന്യത്തോട് പൊരുതി  വനിതാ സേന

ശ്രദ്ധേയമായ ഈ ദൗത്യത്തിൽ പങ്കെടുക്കുന്നവരെല്ലാം ഭൂരിപക്ഷവും വനിതകളാണ്. ഹരിതകർമ സേനയിൽ നിന്നു 40 പേരും മറ്റുള്ളവർ 20 പേരും. മാലിന്യം പ്രാഥമികമായി തരംതിരിക്കുന്ന ജോലികളും ഇവരാണ് ചെയ്യുക. കയ്യുറ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇവർക്ക് ഒരുക്കിയിട്ടുണ്ട്. പിന്നീട്, പ്രതിരോധ മരുന്നും വിതരണം ചെയ്യും. കടുത്ത ചൂട് പരിഗണിച്ചു രാവിലെ 8 മുതൽ 11.30 വരെയായി ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് നഗരസഭയിലെ ക്ലീൻ സിറ്റി മാനേജർ എൽ. സലിം പറഞ്ഞു.

ലോക ബാങ്ക് സഹായത്തോടെ മുട്ടാർ നീർച്ചാൽ സംരക്ഷണ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. പദ്ധതിയുടെ ഭാഗമായി ബയോമൈനിങ് നടത്താൻ അനുമതിയുള്ളത് സെപ്റ്റംബറിലാണ്. നിലവിലെ സ്ഥിതിയിൽ അതുവരെ മാലിന്യം ഈ നിലയിൽ സൂക്ഷിക്കാനാവില്ല. തുടർന്നാണ് ഇത്തരത്തിൽ ശ്രദ്ധേയമായൊരു ദൗത്യത്തിനു തുടക്കമിട്ടത്. നഗരം മാലിന്യമുക്തമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.  സുശീല സന്തോഷ് നഗരസഭാധ്യക്ഷ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com