നെടുമ്പ്രം ∙ ജലദിനത്തിനു 4 ദിവസം മുൻപാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ എട്ടാം വാർഡിൽ കുളം കുഴിക്കാൻ തുടങ്ങിയത്. ജലദിനത്തിൽ സമ്മാനമായി ജലംനിറച്ച് കുളം ഒരുങ്ങി. 27 തൊഴിലാളികൾ 3 ദിവസം കൊണ്ട് 30 ചതുരശ്ര അടി വലിപ്പവും 3 മീറ്റർ ആഴവുമുള്ള കുളം കുഴിച്ചു. കുളത്തിനു ചുറ്റും കയർഭൂവസ്ത്രം വിരിച്ച് സംരക്ഷണവുമുറപ്പിച്ചു. കുളത്തിൽ ഒന്നര മീറ്റർ ആഴത്തിൽ വെള്ളമുണ്ട്.
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫാം പോണ്ട് നിർമിച്ചത്. അക്രഡിറ്റഡ് എൻജിനീയർ ലിയ എൽസ ജേക്കബും ഓവർസീയർ പി.ഡി.രാജീവും ഒപ്പം നിന്നതോടെയാണ് 3 ദിവസം കൊണ്ടു കുളം പൂർത്തിയാക്കാനായത്. ഇന്നലെ ജലദിനത്തിൽ കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റ്റി.പ്രസന്നകുമാരി നിർവഹിച്ചു. വാർഡംഗം ജെ.പ്രീതമോൾ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എൻ.എസ്.ഗിരീഷ്, ഷേർലി ഫിലിപ്പ്, തോമസ് ബേബി, ടി.എസ്.സന്ധ്യമോൾ, പി.വൈശാഖ്, ശ്യാംഗോപി, കെ.മായാദേവി, ജിജോ ചെറിയാൻ, സിഡിഎസ് അധ്യക്ഷ പി.കെ. സുജ എന്നിവർ പ്രസംഗിച്ചു.