തിരുവല്ല ∙ ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ഹൈവേയിൽവച്ച് 7ന് കാർ തടഞ്ഞ് 1.89 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരഞ്ഞ് ആന്ധ്രാ പൊലീസ് തിരുവല്ലയിലെത്തി. കേസിലെ അഞ്ചാം പ്രതി തുകലശേരി കോട്ടാലി സ്വദേശി റോഷൻ വർഗീസിനെ (28) ആന്ധ്രാ പൊലീസ് തിരിച്ചറിഞ്ഞു. നിലവിൽ തിരുവല്ല പൊലീസ് കസ്റ്റഡിയിലാണ് റോഷനുള്ളത്. ഹൈവേ കവർച്ച നടത്തിയത് റോഷൻ ഉൾപ്പെട്ട 10 അംഗ മലയാളി സംഘമാണെന്ന് ആന്ധ്രാ പൊലീസ് പറഞ്ഞു.
ഈ കേസിൽ നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇനി കോടതി മുഖാന്തരം ആന്ധ്രാ പൊലീസ് റോഷനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ചൊവ്വാഴ്ച രാത്രി തിരുവല്ലയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ പരുക്കേറ്റ് ആശുപത്രിയിലാവുകയും തുടർന്ന് തിരുവല്ല പൊലീസ് കസ്റ്റഡിയിലുമാണ് റോഷനുള്ളത്. റോഷന്റെ എതിർസംഘമായ പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചൊവ്വാഴ്ച രാത്രി റോഷന്റെ വീട്ടിൽ കയറി അക്രമം നടത്തിയിരുന്നു.
സംഭവത്തിൽ പ്രവീണും റോഷനും പരുക്കേറ്റിരുന്നു. പ്രവീണും വേങ്ങൽ സ്വദേശി ലാലു രാജുവും തിരുവല്ല പൊലീസ് പിടിയിലായിട്ടുണ്ട്. പ്രവീണിന്റെ സംഘത്തിൽപെട്ട കോട്ടാലി സ്വദേശി ലിബു രാജേന്ദ്രൻ, തിരുവൻവണ്ടൂർ സ്വദേശി സുദീഷ് എന്നിവർ ഒളിവിലാണ്. റോഷന്റെ സംഘത്തിൽപെട്ട 2 പേരെയും പിടികൂടാനുണ്ട്. 2 ഗുണ്ടാസംഘങ്ങൾ തമ്മിൽ ഫെയ്സ്ബുക്കിലൂടെ വെല്ലുവിളി നടത്തിയാണ് ഏറ്റുമുട്ടിയത്. ആന്ധ്രയിൽ നിന്നെത്തിയ പൊലീസ് സംഘം റോഷനെ തിരിച്ചറിഞ്ഞെങ്കിലും തിരുവല്ല പൊലീസ് കാപ്പ ചുമത്തി കസ്റ്റഡിയിൽ എടുത്തതിനാൽ കോടതി മുഖാന്തരം കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് തീരുമാനം.