അത്തിക്കയം ∙ ചൂടു കൂടിയതോടെ ദാഹജലത്തിനായി നെട്ടോട്ടത്തിലാണ് നാറാണംമൂഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ. വെള്ളം വില കൊടുത്തു വാങ്ങാതെ ആവശ്യം നിറവേറ്റാനാകാത്ത സ്ഥിതി. പഞ്ചായത്തിനു പൂർണമായി പ്രയോജനം ലഭിക്കുന്ന ജല വിതരണ പദ്ധതികളില്ല. അടിച്ചിപ്പുഴ, കുടമുരുട്ടി എന്നീ ജല വിതരണ പദ്ധതികളുടെ പ്രയോജനം ഭാഗികമായ മേഖലകളിൽ മാത്രമാണു ലഭിക്കുന്നത്. നീരാട്ടുകാവ് കേന്ദ്രീകരിച്ച് ജല വിതരണ പദ്ധതിയുണ്ടെങ്കിലും പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതു മൂലം 3 വർഷത്തിലധികമായി ജല വിതരണം നിലച്ചിരിക്കുകയാണ്. ബദൽ സംവിധാനമൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജലക്ഷാമമാണ്. പമ്പാനദിയുടെ തീരങ്ങളിലും വെള്ളമില്ല. ആറ്റിൽ നീരൊഴുക്കു കുറഞ്ഞിരുന്നു. വേനൽ മഴയിൽ പാറയിടുക്കുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. എന്നിട്ടും നീരൊഴുക്കു കാര്യമായി വർധിച്ചിട്ടില്ല. ചെമ്പനോലി, കടുമീൻചിറ, പൊന്നമ്പാറ, വാഴക്കാലമുക്ക്, കണ്ണമ്പള്ളി, കക്കുടുമൺ, പേമരുതി, നീരാട്ടുകാവ്, മടന്തമൺ, ആറാട്ടുമൺ, കോളാമല, ചണ്ണ, കോലിഞ്ചി, ഉന്നത്താനി, ഇടമുറി, വലിയപതാൽ, തോമ്പിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കിട്ടാക്കനിയാണ്. ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ പിക്കപ് വാനിൽ വെള്ളമെത്തിക്കുകയാണ്. 2,000 ലീറ്ററിന് 1,300 രൂപ വരെ കൊടുക്കേണ്ട പ്രദേശങ്ങളുണ്ട്. അത്തിക്കയം വില്ലേജിന് പൂർണമായി പ്രയോജനപ്പെടുന്നതാണ് പെരുനാട്–അത്തിക്കയം ജല വിതരണ പദ്ധതി.
ഇതിന്റെ നിർമാണം ആരംഭിച്ചിട്ടു 10 വർഷത്തിലധികമായി. ഇതുവരെ പൂർത്തിയായിട്ടില്ല. പദ്ധതിക്കായി പഞ്ചാരമുക്ക്, ചെമ്പനോലി എന്നിവിടങ്ങളിൽ സംഭരണികൾ പണിതു. സംഭരണികളെയും ജല ശുദ്ധീകരണ പ്ലാന്റിനെയും ബന്ധിപ്പിച്ചു പൈപ്പുകളും ജല വിതരണ കുഴലുകളും സ്ഥാപിച്ചിട്ടും വർഷങ്ങൾ പിന്നിട്ടു. കഴിഞ്ഞ വേനലിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഒരു വർഷം കൂടി പിന്നിട്ടിട്ടും പദ്ധതി മേഖലകളിൽ വെള്ളമെത്തിയിട്ടില്ല. ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷന്റെ മെല്ലെപ്പോക്കു നയം മലയോരവാസികൾക്കു തിരിച്ചടിയായിരിക്കുന്നു. ഇത് എത്രകാലം സഹിക്കണമെന്നാണ് ജനം ചോദിക്കുന്നത്. ജനപ്രതിനിധികളും അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.