ADVERTISEMENT

പത്തനംതിട്ട ∙ പൊതുശ്മശാനം ഇല്ലാതിരുന്നതിനാൽ ചങ്ങനാശേരിയിൽ എത്തിച്ചു മൃതദേഹം സംസ്കരിക്കേണ്ടി വന്ന സംഭവം പന്തളത്താണുണ്ടായത്. ചേരിക്കലിൽ വാടകയ്ക്ക് താമസിച്ചിരുന്ന  വീട്ടമ്മയുടെ മൃതദേഹമാണു ചങ്ങനാശേരിയിൽ സംസ്കരിച്ചത്.  2020ൽ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മരിച്ച ചേരിക്കൽ സ്വദേശിനിയായ യുവതിയുടെ സംസ്കാരം നടത്തിയത് പുനലൂരിലെ പൊതുശ്മശാനത്തിലായിരുന്നു. 

പൊതുശ്മശാനങ്ങളുടെ കാര്യത്തിൽ ജില്ല വലിയൊരു വട്ടപ്പൂജ്യമാണ്. ജില്ലയിൽ മിക്ക പഞ്ചായത്തുകളും പൊതുശ്മശാന പദ്ധതികൾ ബജറ്റുകളിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും പദ്ധതി നടപ്പായത് വിരലിലെണ്ണാവുന്ന ഇടങ്ങളിലാണ്. സ്വന്തമായി ഭൂമിയില്ലാത്താവർ മരിച്ചാൽ അന്ത്യകർമങ്ങൾക്കായി ശ്മശാനം അന്വേഷിച്ചു നടക്കേണ്ട ഗതികേടാണു ബന്ധുക്കൾക്കുള്ളത്. 

ബജറ്റിലൊതുങ്ങിപദ്ധതി

പഞ്ചായത്തായിരുന്ന കാലം മുതൽ പന്തളത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ശ്മശാനത്തിന് ഇടമുണ്ടെങ്കിലും നഗരസഭയായി ഉയർന്നിട്ടും ശ്മശാനം യാഥാർഥ്യമായിട്ടില്ല.  കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം നഗരസഭ വീണ്ടെടുത്ത 90 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗം വാതകശ്മശാനത്തിനായി ഉപയോഗിക്കുമെന്നാണ് നഗരസഭാധ്യക്ഷ സുശീല സന്തോഷ് പറയുന്നത്. ഇതിനായി ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കോളനികൾ ഉൾപ്പടെയുള്ള നഗരസഭയിലെ ചില വാർഡുകളിൽ മൃതദേഹം സംസ്കരിക്കാനിടമില്ലാത്ത സ്ഥിതി ഇപ്പോഴുമുണ്ട്.  

കുളനടയിൽ ശ്മശാനത്തിനായി കടലിക്കുന്നിൽ സ്ഥലം വാങ്ങിയത് 1981-82 കാലയളവിലാണ്. 27 സെന്റ് സ്ഥലം ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയത്. 2017-18 കാലയളവിൽ 5 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച്  അതിരും സ്ഥാപിച്ചു. എന്നാൽ, തുടർ പ്രവർത്തനങ്ങളുണ്ടായില്ല. 

കടലിക്കുന്നിൽ തട്ടുകളായി കിടക്കുന്ന സ്ഥലമാണിത്. ഇവിടെ ശ്മശാനം സ്ഥാപിക്കുന്നത് അസൗകര്യമാണെന്നും ഉള്ളന്നൂരിൽ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ആവശ്യമുയർന്നിരുന്നു. തുമ്പമണ്ണിൽ മുഴുക്കോട്ട് ചിറയ്ക്ക് സമീപമായി പൊതുശ്മശാനമുണ്ട്. 30 സെന്റ് സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 5 വർഷം മുൻപ് ഇതിനു സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. 

പന്തളത്തു മാത്രമല്ല

പന്തളത്തു മാത്രമല്ല കോന്നി, അരുവാപ്പുലം, പ്രമാടം പഞ്ചായത്തുകളിലും പൊതുശ്മശാനമില്ല. കാലാകാലങ്ങളിൽ പഞ്ചായത്ത്, പദ്ധതിക്കായി ബജറ്റിൽ തുക ഉൾപ്പെടുത്തുമെങ്കിലും  സ്ഥലം ലഭ്യമല്ലാത്തതിനാൽ നടപ്പായിട്ടില്ല. ജനങ്ങളുടെ എതിർപ്പും പ്രശ്നമായിട്ടുണ്ട്. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭരണസമിതികളെ പിന്തുടരുന്നു. കോന്നി നിവാസികൾ പത്തനംതിട്ട, തിരുവല്ല നഗരസഭകളുടെ പൊതുശ്മശാനമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. 

എന്നാൽ തിരുവല്ല നഗരസഭയിലെ വാതക ശ്മശാനം 7 മാസമായി പ്രവർത്തനരഹിതമാണ്. ഇതിന്റെ  കൂറ്റൻ കുഴൽ മാർച്ച് 10നു തകർന്നുവീഴുകയും ചെയ്തു. നഗരസഭ 25 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച് 2 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്നാണ് അധികൃതർ പറയുന്നത്.  

അടൂരിൽ നടപടി തുടങ്ങി

അടൂർ നഗരസഭയിലും  പൊതുശ്മശാനമില്ല. നഗരസഭയിലെ ഒന്നാം വാർഡിൽ നാൽപതിനായിരംപടിക്കു സമീപത്തായി പൊതുശ്മശാനം നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 4.80 കോടി രൂപ മുടക്കി ആധുനിക രീതിയിലുള്ള ശ്മശാനമാണ് ഇവിടെ നിർമിക്കുക. ഏറത്ത്, ഏഴംകുളം, പള്ളിക്കൽ, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂർ, കൊടുമൺ പഞ്ചായത്തുകൾക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറത്ത് പഞ്ചായത്തിലെ 17–ാം വാർഡിൽ വട്ടമലപ്പടി ഭാഗത്ത് വാതകശ്മശാനം നിർമിച്ചെങ്കിലും വേണ്ട അനുമതികൾ ലഭിക്കാൻ വൈകിയതു മൂലം പ്രവർത്തനം തുടങ്ങിയിട്ടില്ല. 

സ്ഥലം കിട്ടാത്തതിനാൽ കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളിൽ പൊതുശ്മശാനം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ പറയുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ശ്മശാനത്തിനായി 22 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോയിപ്രത്തു പൊതുശ്മശാനമുണ്ടെങ്കിലും ആറന്മുളയിൽ ഇല്ല. 

മല്ലപ്പള്ളിയിൽ അരയേക്കർ

മല്ലപ്പള്ളി പഞ്ചായത്തിൽ വെങ്ങലശേരി പള്ളിക്കു സമീപം മണിമലയാറിന്റെ തീരത്ത് അരയേക്കറോളം വിസ്തൃതിയുള്ള പൊതു ശ്മശാനമുണ്ട്. ഗ്യാസ് ക്രിമറ്റോറിയം നിർമിക്കുന്നതിന് ഇത്തവണത്തെ പഞ്ചായത്ത് ബജറ്റിൽ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്ലൂപ്പാറ പഞ്ചായത്തിൽ തുരുത്തിക്കാട് കോഴിയാമട എന്ന സ്ഥലത്താണ് പൊതുശ്മശാനം. 1997ൽ 24.5 സെന്റ് സ്ഥലം വില നൽകി വാങ്ങിയിടത്താണിത്. ലോക ബാങ്കിന്റെ സഹായത്താൽ 2016–17 ൽ 21 ലക്ഷം മുടക്കി 4 സെല്ലുകൾ നിർമിച്ചിട്ടുണ്ട്.

 മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് 2022–23 വർഷത്തെ പഞ്ചായത്ത് പദ്ധതിയിൽ 7 ലക്ഷം രൂപ ഉൾപ്പെടുത്തിയുള്ള നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പുറമറ്റം പഞ്ചായത്തിലെ പൊതുശ്മശാനം വെണ്ണിക്കുളം കൊച്ചെഴുത്തുംമലയിൽ 60 സെന്റ് സ്ഥലത്താണ്. പഞ്ചായത്ത് പദ്ധതിയിൽ 4 ലക്ഷം ഉൾക്കൊള്ളിച്ച് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നുണ്ട്. ആനിക്കാട് പഞ്ചായത്തിലെ വള്ളിയാകുളത്താണ് പൊതുശ്മശാനം. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സംവിധാനർമേർപ്പെടുത്തുന്നതിന് 12 ലക്ഷം രൂപ ഈ വർഷത്തെ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

പത്തനംതിട്ടയിൽ‌ക്രിമറ്റോറിയം

പത്തനംതിട്ട നഗരസഭയിൽ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്നുള്ള മൃതദേഹങ്ങളും ഇവിടെ സംസ്കരിക്കുന്നുണ്ട്. മൈലപ്ര, ഇലന്തൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിനുള്ള ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. വള്ളിക്കോട് പഞ്ചായത്ത് 11-ാം വാർഡിലെ മൂന്നാം കലുങ്ക് ഭാഗത്തുള്ള റവന്യു പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് നൽകണമെന്നു പഞ്ചായത്ത് കലക്ടർക്ക് കത്തു നൽകി. ഇവിടെ 1.40 ഏക്കർ ഭൂമിയുണ്ട്.  

മലയാലപ്പുഴ പഞ്ചായത്ത് പൊതുശ്മശാനം സ്ഥാപിക്കാൻ വേണ്ടി 20 വർഷങ്ങൾക്ക് മുൻപ് വള്ളിയാനിയിൽ 50 സെന്റ് സ്ഥലം വാങ്ങിയെങ്കിലും എത്തിച്ചേരാൻ വഴിയില്ലാത്തതാണു പ്രശ്നം. ഓമല്ലൂർ പഞ്ചായത്തിലെ പറയനാലിയിലും ശ്മശാനത്തിനായി വർഷങ്ങൾക്ക് മുൻപു സ്ഥലം വാങ്ങിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com