ADVERTISEMENT

തിരുവല്ല ∙ കാലയക്ഷി കനൽ വാരിയെറിഞ്ഞു. കദളിമംഗലം പടയണിയിൽ ഇരുവെള്ളിപ്ര- വെൺപാല കരക്കാർ കളമൊഴിഞ്ഞു. കത്തിയെരിയുന്ന മീനസൂര്യന്റെ കീഴെ ഭക്തിയുടെ നെറുക ചൂടിയ ഭക്തരുടെ മുൻപിൽ ആർപ്പോ വിളികളോടെ കളത്തിലെത്തിയ കാലയക്ഷികോലം തുള്ളിയുറഞ്ഞപ്പോൾ കദളിമംഗലം ദേവി ക്ഷേത്രത്തിനു ചുറ്റും കാറ്റു വീശി. മുറ്റത്തു നിൽക്കുന്ന കൂറ്റൻ ആലിലെ ഇലകളും തുള്ളിയാടി. പടയണി കലാകാരന്മാരുടെ കൈവലയത്തിനുള്ളിൽ പടയണിപാട്ടിനും താളത്തിനുമൊപ്പം തുള്ളിയാടിയ കാലയക്ഷിക്കോലം പിന്നീട് ക്ഷേത്രത്തിനു 3 പ്രദക്ഷിണം വച്ചു.

അപ്പോഴേക്കും ദേവിയുടെ തിരുമുൻപിൽ കൂട്ടിയിട്ട പ്ലാവിറക് കനലുകളായി മാറിയിരുന്നു. മൂന്നാമത്തെ പ്രദക്ഷിണത്തോടെ തിരുമുൻപിൽ കൂട്ടിയിട്ട കനലുകൾ കൈകൾ കൊണ്ടു വാരിയെറിഞ്ഞ് കരയെയും കരക്കാരെയും അനുഗ്രഹിച്ചു. കളത്തിലെത്തിയപ്പോൾ കൈകളിലുണ്ടായിരുന്ന ഇലഞ്ഞിതൂപ്പുകളും വലിച്ചെറിഞ്ഞിരുന്നു.

കദളിമംഗലം പടയണിയിൽ ഇരുവെള്ളിപ്ര - തെങ്ങേലി കരക്കാരുടെ പകൽ പടയണിയിലെ കാലയക്ഷി കോലത്തോടെ ഈ വർഷത്തെ പടയണിക്ക് സമാപനമായി.കഴിഞ്ഞ 10 നാൾ അമ്മയുടെ തിരുമുറ്റത്ത് നടന്ന പടയണിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങൾക്ക് അമ്മയോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് പിഴകൾ എല്ലാം പൊറുത്തുകൊണ്ടേ അനുഗ്രഹിക്ക ഭഗവതിയെ എന്നു പാടി കൊണ്ട് മംഗള ഭൈരവി കളത്തിൽ തുളളി മാറി. തുടർന്ന് കണിയാൻ കളത്തിൽ എത്തി.

ശേഷം പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളി ഒഴിഞ്ഞു. തുടർന്ന് പകൽ 12മണിയോടെ പകൽ പടയണി നടന്നു.ദേവിയുടെ തുറന്നിട്ട തിരുനടയുടെ മുൻപിൽ തുള്ളിയുറഞ്ഞ് കനൽ വാരിയെറിയുന്ന കാലയക്ഷി കോലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.നാളെ വെൺപാലകരയുടെ പകൽ പടയണി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com