ADVERTISEMENT

തിരുവല്ല ∙ ആരും മരിക്കരുതേയെന്ന ആഗ്രഹത്തിനും പ്രാർഥനയ്ക്കും പിന്നിൽ ഉറ്റവരോടുള്ള സ്നേഹം മാത്രമല്ല, അതുണ്ടാക്കുന്ന പ്രതിസന്ധികൂടിയുണ്ട്. താലൂക്കിലെ പാവപ്പെട്ടവർക്ക് ഉറ്റവരെ സംസ്കരിക്കാനുള്ള ഇടം തേടി നാടെല്ലാം അലയേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ വീടിന്റെ തറയോ മുറ്റമോ പൊളിച്ച് സംസ്കരിക്കേണ്ടിവരും. പദ്ധതികളുടെ കുറവല്ല, അവ നടപ്പാക്കുന്നതലുമുള്ള അനാസ്ഥയാണ് ഇതിനു പിന്നിലെ യഥാർഥ പ്രശ്നം. ആദ്യം വൈദ്യുതിയിലും പിന്നീട് വാതകത്തിലേക്കും മാറിയ നഗരസഭാ ശ്മശാനം 7 മാസമായി പ്രവർത്തന രഹിതമാണ്. വാതക ശ്മശാനത്തിന്റെ കൂറ്റൻ കുഴൽ മാർച്ച് 10നു തകർന്നുവീഴുക കൂടി ചെയ്തതോടെ പതനം പൂർണമായി.ഇനി നഗരസഭ തയാറാക്കിയ 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പായാൽ വീണ്ടും പ്രവർത്തനം തുടങ്ങാൻ കഴിയും.

അവസാനമായി കഴിഞ്ഞ വർഷം ഒക്ടോബർ ഒൻപതിനാണ് ഇവിടെ മൃതദേഹം സംസ്‌കരിച്ചത്. അതിനു മുൻപ് തന്നെ കുഴലിനു ദ്വാരം വീണ് പുക താഴേക്കു വരുന്നതായി പരാതി ഉയർന്നിരുന്നു. ഓരോ മാസവും കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ഇവിടെ സംസ്‌കരിച്ചിരുന്നു. കോവിഡ് കാലത്ത് ദിവസം അഞ്ച് മൃതദേഹം വരെ സംസ്‌കരിച്ചിരുന്നു. അധികവും കോവിഡ് ബാധിച്ചവരുടെയായിരുന്നു. പൊതിഞ്ഞെത്തിക്കുന്ന പോളിത്തീൻ കവർ ഉൾപ്പെടെയാണ് അന്നു കത്തിച്ചത്.

ഇവയുടെ ഭാഗങ്ങൾ ഗ്യാസ് ചേംബറിന്റെ കുഴലുകളിലും മറ്റും അടിഞ്ഞ് പുക മുകളിലേക്ക് പോകാത്ത അവസ്ഥയിലായി. പിന്നീടാണ് 100 അടിയോളം ഉയരമുളള പുകക്കുഴലിൽ ദ്വാരം വീണത്. ജില്ലയിലെ മറ്റു സ്ഥലങ്ങളിലും സമീപ ജില്ലകളിൽ നിന്നു വരെ മൃതദേഹം ഇവിടെ സംസ്കരിച്ചിരുന്നു.

കടപ്ര പഞ്ചായത്ത് 

കടപ്ര പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പരുമലയിൽ ഒരേ സമയം 10 മൃതദേഹം വരെ സംസ്കരിക്കാവുന്ന ശ്മശാനത്തിന്റെ നിർമാണം തുടങ്ങിയിരുന്നു. 44 ലക്ഷം രൂപയുടെ പദ്ധതിയിൽ 16 ലക്ഷം രൂപയ്ക്ക് കെട്ടിടം നിർമിച്ചു. എന്നാൽ ബാക്കി നിർമാണം ഒന്നും ഇതുവരെ നടന്നിട്ടില്ല. ഓഡിറ്റ് നടത്തിയപ്പോൾ അപാകത കണ്ടതോടെ പുതിയ ഭരണസമിതിയും തുടർപ്രവർത്തനത്തിൽ മുൻപോട്ട് പോയിട്ടില്ല.

നെടുമ്പ്രം പഞ്ചായത്ത് 

നെടുമ്പ്രം പഞ്ചായത്തിൽ ശ്മശാനം നിർമിക്കുന്നതിന് 2009 ൽ 40 സെന്റ് സ്ഥലം കണ്ടെത്തി പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ സമീപവാസി കോടതിയിൽ പരാതി നൽകിയതോടെ തടസ്സപ്പെട്ടു. 2 വർഷം മുൻപ് കോടതി കേസ് തള്ളിയതോടെ പഞ്ചായത്ത് വീണ്ടും പദ്ധതി റിപ്പോർട്ട് തയാറാക്കി ജില്ലാ കലക്ടർക്ക് അയച്ചിരിക്കുകയാണ്. ഇതു വരെ തീരുമാനമായില്ല.

സംസ്കാരത്തിന് ശ്മശാനം ഇല്ലാത്തതിനാൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മാമ്മൂട്ടിൽ ലക്ഷം വീട് കോളനിയിൽ 2 മാസത്തിനിടെ 2 മൃതദേഹം ദഹിപ്പിച്ചത് വീടിന്റെ അടിത്തറയോടു ചേർന്നാണ്. 6 വീടുകളുള്ള കോളനിയിൽ എല്ലാവർക്കും 2 സെന്റ് സ്ഥലം മാത്രമാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തിയത് വീടിന്റെ മുൻവാതിലിനോടു ചേർന്നു കുഴിയെടുത്താണ്. കോളനിയുടെ സമീപത്തുള്ള 25 ഓളം വീട്ടുകാരുടെ സ്ഥിതിയും സമാനമാണ്.

കവിയൂർ പഞ്ചായത്ത് 

കവിയൂർ പഞ്ചായത്തിൽ 50 വർഷത്തോളമായി പൊതുവിഭാഗത്തിനും പട്ടികവിഭാഗത്തിനുമായി ശ്മശാനമുണ്ട്. ഇവിടേക്കു വഴിയില്ലാത്തതിനാൽ കെട്ടിടം നിർമിച്ചിട്ടില്ല. ഈ ഭരണസമിതി വഴി നിർമിച്ചു 19 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി കെട്ടിടം നിർമിക്കാനുള്ള തയാറെടുപ്പിലാണ്.

കുറ്റൂർ പഞ്ചായത്ത്   

കുറ്റൂർ പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലെങ്കിലും 2 വാർഡുകളിൽ പട്ടിക വിഭാഗത്തിന് ശ്മശാനം ഉണ്ട്. പഞ്ചായത്ത് ഈ വർഷം 19 ലക്ഷം രൂപ അടിസ്ഥാന സൗകര്യത്തിനു പണം അനുവദിച്ചിട്ടുണ്ട്.

അപ്പർ കുട്ടനാട് 

ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കകാലത്ത് മൃതദേഹം ദഹിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും വെള്ളത്തിനു മുകളിൽ ഇഷ്ടികകൾ അടുക്കി ഇരുമ്പു ഫർണസ് വച്ച് ദഹിപ്പിക്കുന്നത് പതിവാണ്.

ശ്മശാനമില്ലാത്ത  പഞ്ചായത്തുകൾ

ഇരവിപേരൂർ, നിരണം, പെരിങ്ങര പഞ്ചായത്തുകളിൽ പൊതുശ്മശാനമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com