കാതോലിക്കേറ്റ് കോളജ് സപ്തതി ആഘോഷ സമാപനം നാളെ

     പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നാളെ രാവിലെ 10ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന സപ്തതി സ്മാരക അക്കാദമിക് സമുച്ചയം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നാളെ രാവിലെ 10ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന സപ്തതി സ്മാരക അക്കാദമിക് സമുച്ചയം.
SHARE

പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്റെ  ഉദ്ഘാടനവും നാളെ നടക്കും.രാവിലെ 10ന് സമുച്ചയ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. മന്ദിരത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിക്കും. കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അപ്രേം, ഏബ്രഹാം മാർ സെറാഫിം എന്നിവർ മുഖ്യാതിഥികളായിരിക്കും.

സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, ഭവനരഹിതരായ 3 കുടുംബങ്ങൾക്കുള്ള ഗൃഹനിർമാണം അന്തിമ ഘട്ടത്തിലാണെന്ന് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കോളജ് ബർസാർ ഡോ. സുനിൽ ജേക്കബ്, കൺവീനർ ഫാ. ഡോ. തോംസൺ റോബി എന്നിവർ പറഞ്ഞു. സപ്തതി സ്മാരകമായി നിർമിക്കുന്ന ആദ്യ വീടിന്റെ ഉടമ്പടി യോഗത്തിൽ  കൈമാറും.  സ്മരണിക പ്രകാശനവും നടക്കും.

കോളജിലെ  ബോട്ടണി ബിരുദാനന്തര ബിരുദ വിഭാഗം, തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജ് , തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് എന്നിവയുമായി സഹകരിച്ച് നിർമിച്ച ആൽഗൽ ബയോ ഓക്സിജനറേറ്റർ, ഫൈക്കോ സ്ക്രാപ്പർ, ഹെർബേറിയം മൊബൈൽ ആപ്, കാതോലിക്കേറ്റ് കോളജ്  ഊർജ തന്ത്ര ബിരുദാനന്തര ബിരുദ  വിഭാഗത്തിന്റെ  അക്വാഹോവർ, ഹൈ പെർഫോമൻസ് ഇലക്ട്രോ സ്റ്റാറ്റിക് എന്നീ മാതൃകകൾ പ്രകാശനം ചെയ്യും.

പുതിയ അക്കാദമിക്ക് സമുച്ചയത്തിന് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാമമാണ് നൽകിയത്. ഇതിന്റെ ഒരുഭാഗം കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന ഡാനിയൽ മാർ പീലക്സിനോസിന്റെ പേരിലുള്ള റിസർച് സാർട്ടപ് ഇൻക്യുബേഷൻ സെന്ററാണ്.

വിദ്യാഭ്യാസ രംഗത്ത് ദീർഘവീക്ഷണം പുലർത്തിയ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസിന്റെ കഠിനാധ്വാനത്തിലാണ് അന്നത്തെ മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹത്തോടെ 1952 ൽ കാതോലിക്കേറ്റ് കോളജ് സ്ഥാപിച്ചത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ‌ചിത്തിര തിരുനാൾ ബാലരാമവർമ കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഡാനിയൽ മാർ പീലക്സിനോസ് ആയിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ. ഡോ. എൻ. സെർനോവ (റഷ്യ), പ്രഫ. പീറ്റർ എസ്. റൈറ്റ് (ബ്രിട്ടൻ) എന്നിവരെ  ഇന്ത്യയ്ക്കു പുറത്തുനിന്നു ക്ഷണിച്ച് കോളജിന്റെ പ്രിൻസിപ്പൽ പദവി നൽകി അക്കാദമിക് നിലവാരം ഉയർത്തി.ഇപ്പോൾ യുജിസി അക്രഡിറ്റേഷനിൽ കേരളത്തിലെ തന്നെ ഉയർന്ന റാങ്ക്  (സിജിപിഎ 3.6) നേടിയിട്ടുണ്ട്. 13 വിഭാഗങ്ങളിലായി ഒട്ടേറെ ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ആഡ് ഓൺ കോഴ്സുകളും കോളജിൽ ഉണ്ട്. എട്ട് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS