ADVERTISEMENT

കോന്നി ∙ മേഖലയിൽ ഇതുവരെ പൊതുശ്മശാനം ഏർപ്പെടുത്താൻ പഞ്ചായത്തുകൾക്കായിട്ടില്ല. കോന്നി, അരുവാപ്പുലം, പ്രമാടം, കലഞ്ഞൂർ പഞ്ചായത്തുകളിൽ പൊതുശ്മശാനമില്ല. കാലാകാലങ്ങളിൽ പഞ്ചായത്ത് പദ്ധതിക്കായി ബജറ്റിൽ തുക ഉൾപ്പെടുത്തുമെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ നടപ്പായിട്ടില്ല. പലയിടത്തും ജനങ്ങളുടെ എതിർപ്പും പ്രശ്നമായിട്ടുണ്ട്. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭരണസമിതികളെ പിന്തുടരുന്നു.

കോന്നി നിവാസികൾ പത്തനംതിട്ട, തിരുവല്ല നഗരസഭകളുടെ പൊതുശ്മശാനമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇവ രണ്ടും പ്രവർത്തനമല്ലാതിരുന്ന സന്ദർഭങ്ങളിൽ സ്വകാര്യ സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

കോന്നി

പഞ്ചായത്തിൽ ശ്മശാനത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേട് സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് പരിശോധനയും നടന്നിരുന്നു. ക്രമക്കേടിന് കളമൊരുങ്ങിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ പൊതുശ്മശാന പദ്ധതി പ്രതിസന്ധിയിലാണ്. പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിട്ടുള്ളതിനാൽ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുകയോ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തുകയോ വേണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

പ്രമാടം

പഞ്ചായത്തിൽ പൊതുശ്മശാനത്തിനു സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിയെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഭരണസമിതി കണ്ടെത്തിയിട്ടുള്ള സ്ഥലം ശ്മശാനത്തിന് അനുയോജ്യമല്ലെന്നും ഇവിടേക്ക് പ്രവേശിക്കാനായി റോഡില്ലെന്നും വൈദ്യുതി ലൈൻ വലിക്കാൻ സൗകര്യമില്ലെന്നുമായിരുന്നു പരാതി.

അതിനാൽ 6.50 ലക്ഷം രൂപ ചെലവഴിച്ച് ഭൂമി വാങ്ങിയാൽ പ്രയോജനം ഉണ്ടാകില്ലെന്നും അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ തുടർ നടപടികൾ മന്ദഗതിയിലായി. എന്നാൽ, സ്ഥലം നോക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

കലഞ്ഞൂർ

പഞ്ചായത്തിൽ ശ്മശാനം നിർമിക്കാനായി 7-ാം വാർഡിൽ പാടം വണ്ടണി ഭാഗത്ത് വസ്തു വാങ്ങിയിട്ട് 6 വർഷത്തോളമായി. വിവിധ വാർഡുകളിൽ നിന്നു നാട്ടുകാരും കുടുംബശ്രീ അംഗങ്ങളും പിരിച്ചെടുത്ത 10 ലക്ഷം രൂപ മുടക്കിയാണ് പാടം റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വസ്തു വാങ്ങിയത്. 3 വർഷം മുൻപ് ചുറ്റുമതിൽ നിർമിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും പണി നടന്നില്ല. സ്ഥലത്തെത്താൻ റോഡില്ല എന്നതും പ്രശ്നമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടയ്ക്കിടെ സ്ഥലം സന്ദർശിക്കുമെങ്കിലും നടപടി ഒന്നുമായിട്ടില്ല.

അരുവാപ്പുലം

പഞ്ചായത്ത് പദ്ധതിയിൽ ശ്മശാനത്തിനായി തുക ഉൾപ്പെടുത്താറുണ്ടെങ്കിലും സ്ഥലം ലഭ്യമായിട്ടില്ല. പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com