രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉപരോധത്തിനിടെ സംഘർഷം

HIGHLIGHTS
  • പോസ്റ്റ് ഓഫിസിനുള്ളിൽ കയറി ബഹളം വച്ച് പ്രവർത്തകർ
   രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.      ചിത്രം: മനോരമ
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഗേറ്റിലൂടെ പോസ്റ്റ് ഓഫിസിനുള്ളിൽ പ്രവേശിച്ച പ്രകടനക്കാർ അവിടെ ബഹളമുണ്ടാക്കി. 

ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനെ പോസ്റ്റ് ഓഫിസിനുള്ളിൽ കയറുന്നതിനു മുൻപു തന്നെ പൊലീസ് കസ്റ്റഡിലെടുത്തു. ഈ സമയം സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള സംഘം ചാക്കിൽ കെട്ടിക്കൊണ്ടുവന്ന ചെരിപ്പുകൾ പോസ്റ്റ് ഓഫിസിലെ പാഴ്സൽ ബാഗുകൾക്കൊപ്പം നിക്ഷേപിക്കുകയും മുദ്രാവാക്യം വിളിച്ച് മുന്നേറുകയും ചെയ്തു. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ചെറുത്തതോടെ പോസ്റ്റ് ഓഫിസിനുള്ളിൽ ഉന്തും തള്ളുമായി. ചെറുക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ചാണ് ജീപ്പുകളിൽ കയറ്റിയത്. 

ഉന്തിനും തള്ളിനുമിടയിൽ പോസ്റ്റ് ഓഫിസിനുള്ളിലെ ഫർണിച്ചറിനും ചില്ലുപാളികൾക്കും ചെറിയ തോതിൽ നാശനഷ്ടമുണ്ടായി. ജീപ്പിൽ കയറിയ ശേഷവും പ്രതിഷേധം തുടർന്നു. ഇതിനിടെ സെൻട്രൽ ജംക്‌ഷൻ മുതൽ പോസ്റ്റ് ഓഫിസ് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 

തുടർന്ന് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ജിതിൻ ജി. നെനാൻ, മനു തയ്യിൽ, സലിൽ സാലി, സാംജി ഇടമുറി, കാർത്തിക്, ടെറിൻ, ഷിജോ ചേനമല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുൻപിൽ ഉപരോധ സമരം ആരംഭിച്ചു.

തുടർന്ന് ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതിഷേധക്കാരും മറ്റ് പ്രവർത്തകരും ചേർന്ന് പൊലീസ് സ്റ്റേഷൻ മുതൽ സെൻട്രൽ ജംക്‌ഷൻ വരെ പ്രകടനവും നടത്തി.

റോഡ് ഉപരോധിച്ച് കോൺഗ്രസ്

നിസ്സാര കേസിന്റെ പേരിൽ തടവുശിക്ഷ വിധിച്ചും പാർലമെന്റ് അംഗത്വം റദ്ദാക്കിയും രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടെയും വ്യാമോഹമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, ബിജു വർഗീസ്, എസ്.ബിനു, സജി കൊട്ടക്കാട്, എസ്.വി.പ്രസന്നകുമാർ, റോജി പോൾ ഡാനിയൽ, ലിജു ജോർജ്, സി.കെ.ശശി, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.സെൻട്രൽ ജംക്‌ഷനിൽ കുത്തിയിരുന്ന പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

യുഡിഎഫ് പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.കെ.ജോൺ, ടി.എം.ഹമീദ്, ജോർജ് വർഗീസ്, കെ.ജയവർമ, പ്രസന്നകുമാർ, സനോജ് മേമന, മധു ചെമ്പകുഴി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS