പുല്ലാട് ∙ വീട്ടുമുറ്റത്തുനിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചു കടത്തിയ പ്രതികളെ പൊലീസ് പിടികൂടി. വെണ്ണിക്കുളം കാരുവള്ളിൽ സുനിൽ ബി. നായരുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അനിൽ കുമാർ (അഖിൽ –22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശരത് (22) എന്നിവരാണ് പിടിയിലായത്.
22ന് രാത്രി 10.30നും പിറ്റേന്ന് രാവിലെ ഏഴിനുമിടയിലാണ് മോഷണം നടന്നത്. എസ്ഐ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസ് സംബന്ധിച്ച വിവരങ്ങൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ആലപ്പുഴ പുന്നപ്ര പൊലീസിന്റെ രാത്രികാല വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.
ഇരുചക്രവാഹനത്തിൽ ഇരുവരെയും പുന്നപ്രയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട് പൊലീസ് തടഞ്ഞുനിർത്തി. തുടർന്ന്, കോയിപ്രം പൊലീസ് അവിടെയെത്തി വാഹനം പരിശോധിച്ചപ്പോൾ മോഷ്ടിക്കപ്പെട്ടതു തന്നെയാണെന്ന് വ്യക്തമായി. വാഹനത്തിലെ നമ്പരിലെ ഒരക്കം ചുരണ്ടി മാറ്റി മറ്റൊരക്കം ആക്കിയതും കണ്ടെത്തി.
22ന് ഇരുവരും സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തു പോയശേഷം തിരികെ മടങ്ങുമ്പോഴാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുനിലിന്റെ വെണ്ണിക്കുളത്തെ വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ കത്തിയ നിലയിൽ ബൈക്ക് കണ്ടു. പരിശോധിച്ചപ്പോൾ താക്കോലും വാഹനത്തിൽ കണ്ടു. തുടർന്ന് മോഷ്ടിക്കുകയായിരുന്നെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇപ്പോൾ ആലപ്പുഴ പടിഞ്ഞാറേ കടപ്പുറത്തു ബോട്ട് യാർഡിൽ താമസിക്കുന്ന ഒന്നാം പ്രതി അനിൽകുമാർ എറണാകുളം തടിയാറ്റുപാറ പൊലീസ് സ്റ്റേഷനിൽ ഈവർഷം റജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐക്ക് പുറമേ എസ്‌സിപിഒ ഗിരീഷ് ബാബു, സിപിഒമാരായ ഷെബി, പരശുറാം എന്നിവരുമുണ്ടായിരുന്നു.