കോന്നി ∙ സംസ്ഥാന പാതയിൽ രണ്ടാംഘട്ട ടാറിങ് പൂർത്തിയായ ഉടൻ പൈപ് പൊട്ടൽ. കോന്നി - പുനലൂർ ഭാഗം തുടങ്ങുന്ന ആർവിഎച്ച്എസ്എസിനു സമീപത്താണ് പൈപ് പൊട്ടി ടാറിങ് ഇളകി കുഴി രൂപപ്പെടുകയും വ്യാപകമായി വെള്ളം നഷ്ടപ്പെടുകയും ചെയ്തത്. സ്കൂളിനു സമീപത്തു നിന്ന് ആനക്കൂട് റോഡിലേക്കുള്ള ഇടവഴിയും പ്രധാന പാതയും ചേരുന്ന ഭാഗമാണ് തകർന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ഒരുവശത്ത് രണ്ടാംഘട്ട ടാറിങ് പൂർത്തിയായിരുന്നു. തിങ്കളാഴ്ച രാത്രി മറുഭാഗത്തും ടാറിങ് നടത്തി. ഇന്നലെ രാവിലെ പൈപ്പിൽ വെള്ളമെത്തിയതോടെ ശക്തിയായി മുകളിലേക്കുയർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഇനി ഇവിടം വെട്ടിപ്പൊളിച്ച് പൈപ് നന്നാക്കി വീണ്ടും ടാറിങ് നടത്തേണ്ട അവസ്ഥയാണ്. ദിവസങ്ങൾക്ക് മുൻപു മുതൽ പൈപ് പൊട്ടി വെള്ളം ഒഴുകുന്നതു ശ്രദ്ധയിൽപെട്ടിരുന്നതായി ആളുകൾ പറയുന്നു. ഇതറിയാതെയോ മറ്റോ ടാറിങ് നടത്തിയതാണെന്നാണ് കരുതുന്നത്.