ADVERTISEMENT

അയിരൂർ ∙ ജില്ലാ ആയുർവേദാശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ കാബിനും കണ്ടെയ്നറിലുണ്ടായിരുന്ന ഫർണിച്ചറും കത്തിനശിച്ചു. തീയും പുകയും ഉയർന്നപ്പോൾ തന്നെ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരും പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ഹരിയാന റജിസ്ട്രേഷനിലുളള ലോറി കോട്ടയത്ത് എത്തിയ ശേഷം ഇലവുംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. ലോറിയുടെ മധ്യഭാഗം വൈദ്യുതി ലൈനിൽ പല തവണ തട്ടിയതിനെ തുടർന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ നിന്നും പുക ഉയർന്നത് കണ്ട് വഴിയാത്രക്കാർ ബഹളം വച്ചപ്പോഴാണ് തീ പടർന്ന വിവരം ലോറിയിലുളളവർ  അറിയുന്നത്.

കാബിനിലുണ്ടായിരുന്ന ചെറിയ ഗ്യാസ് സിലിണ്ടർ ഇവർ ഉടനെ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിലുളളവർ പുറത്തിറങ്ങിയതിന് പിന്നാലെ ലോറിയിലുണ്ടായിരുന്ന മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ചു. ഇതോടെ തീ മുൻവശത്ത് ആളിപ്പടർന്നു. ഹരിയാന, ‍ഡൽഹി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

റാന്നിയിൽ നിന്നും അഗ്നിരക്ഷാസേനയു‍ടെ 2 യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും ചേർന്നു മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായി അണച്ചത്. അഗ്നിരക്ഷാസേന റാന്നി സ്റ്റേഷൻ ഓഫിസർ  കുരുവിള മാത്യു, പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ  എന്നിവർ നേതൃത്വം നൽകി.

മെറ്റൽ ഉപയോഗിച്ചുളള കസേരയുടെ കുഷ്യനുകളും മേശയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ പൂർണമായി നശിച്ചു. പ്രമോദ് നാരായൺ എംഎൽഎ, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ, മെംബർമാരായ സാംകുട്ടി അയ്യക്കാവിൽ, സുബിൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.പ്രസാദ് എന്നിവരും സ്ഥലത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com