ADVERTISEMENT

പത്തനംതിട്ട ∙ എൺപതുകാരനായ വയോധികൻ കാൻസറിനെക്കാൾ മനോവേദനയിൽ സർക്കാരിന്റെ കാരുണ്യം കാത്ത് കഴിയുന്നു. കാൻസർ ചികിത്സയ്ക്കു ചെലവായ 3,44,174 രൂപ ഇനിയെങ്കിലും സർക്കാർ തിരികെ നൽകുമോയെന്ന് കാത്തിരിക്കുകയാണ് തലച്ചിറ കാരുവേലിൽ സാമുവൽ മത്തായി. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ കെയർ ഫണ്ടിൽ 1994ൽ 10,000 രൂപയടച്ചാണു സാമുവൽ ചേരുന്നത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി കാൻസർ ഇൻഷുറൻസ് പോളിസിയാണു എടുത്തത്.

കോട്ടയം മെ‍ഡിക്കൽ കോളജിലെ കാൻസർ കെയർ സെന്ററിൽ നിന്നു കാൻസർ നിർണയ പരിശോധനകളും ചികിത്സകളും സൗജന്യമായി പോളിസി ഉടമയ്ക്കു ലഭിക്കാൻ അവകാശമുണ്ടെന്ന് പോളിസി രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2019ൽ പോസ്ട്രേറ്റ് കാൻസർ രോഗനിർണയത്തിനായി മെഡിക്കൽ കോളജിനെ സമീപിച്ചെങ്കിലും രോഗനിർണയത്തിനു വേണ്ട ഉപകരണങ്ങളില്ലാത്തതിനാൽ ചികിത്സ ലഭിച്ചില്ല.

തുടർന്നു കൊച്ചിയിലേയും പരുമലയിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തേണ്ടി വന്നു. രോഗനിർണയത്തിനും ചികിത്സയ്ക്കും ചെലവായ 3,44,174 രൂപ സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് അന്നു മുതൽ സാമുവൽ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യമില്ലായിരുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ പോയതു സർക്കാരിന്റെ വീഴ്ചയാണെന്നു സാമുവൽ പറയുന്നു.

ആരോഗ്യമന്ത്രി ഈ വിഷയം പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദേശിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. സാമുവൽ‌ ചികിത്സ തേടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയില്ലെന്നാണു സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനു മറുപടി നൽകിയത്. ഇതിന് ആശുപത്രി ചീട്ടു കൊണ്ടാണു സാമുവൽ മറുപടി പറയുന്നത്. 2020 ജനുവരി 20ലെ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ സാമുവൽ ഇൻഷുറൻസിനു പൂർണ്ണ അർഹനാണെന്നും ചികിത്സ ലഭിക്കാതെ പോയതു ഗൗരവമാണെന്നും കമ്മിഷൻ വിലയിരുത്തി.

പ്രശ്ന പരിഹാരത്തിന് നടപടി എടുക്കണമെന്നും നിർദേശിച്ചു. എന്നാൽ നാളിതുവരെയും സാമുവലിന് നീതി ലഭിച്ചിട്ടില്ല. സാമുവലിന് 80 വയസ്സായി. ഭാര്യ സാറാക്കുട്ടി (75) പക്ഷാഘാതം വന്നതിനാൽ 2018 മുതൽ കിടപ്പു രോഗിയാണ്. 2 പെൺമക്കളെ വിവാഹം ചെയ്ത് അയച്ചു. ആരോഗ്യ മന്ത്രി ഈ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണു സാമുവൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com