തണ്ണിത്തോട് ∙ മുക്കവലയുടെ പരിമിതികളിൽ നിന്നുമോചനമില്ലാതെ ബസ് സ്റ്റാൻഡ്. കാലമേറെ കഴിഞ്ഞും തണ്ണിത്തോട് ബസ് സ്റ്റാൻഡ് മുക്കവലയിൽ ഒതുങ്ങുകയാണ്.മലയോര ഗ്രാമത്തിലേക്ക് ബസ് സർവീസ് ആരംഭിച്ച കാലത്തേതിൽ നിന്ന് ഇവിടെ കാര്യമായ വികസനമുണ്ടായിട്ടില്ല. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും കരിമാൻതോടിനു സർവീസ് നടത്തുന്ന ബസുകൾ തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ എത്തിയാണു കരിമാൻതോടിന് പോകുന്നതും തിരികെ മടങ്ങുന്നതും.
കോന്നി റോഡ്, ചിറ്റാർ റോഡ്, മേടപ്പാറ ബഥാൻ റോഡ് എന്നിവയുടെ സംഗമ സ്ഥാനമാണു തണ്ണിത്തോട് ബസ് സ്റ്റാൻഡ്. യാത്രക്കാരെ കാത്ത് പ്രധാന റോഡിന്റെ ഇരു ഭാഗങ്ങളിലും ബസുകൾ നിർത്തിയിടുന്നതോടെ പലപ്പോഴും വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ പ്രയാസം നേരിടും.
ഇവിടെ സ്ഥലസൗകര്യം പരിമിതമായതിനാൽ കരിമാൻതോടിന് പോകുമ്പോഴും തിരികെ മടങ്ങുമ്പോഴും കുറെ ബസുകൾ ആശുപത്രി ജംക്‌ഷൻ, കൂത്താടിമൺ, മാർക്കറ്റ് ജംക്‌ഷൻ വഴി സെൻട്രൽ ജംക്‌ഷനിൽ എത്തും വിധം ക്രമീകരിച്ചാൽ ഈ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കും സൗകര്യമാകും. ഇത്തരത്തിൽ ക്രമീകരണമുണ്ടായാൽ കുടുംബരോഗ്യ കേന്ദ്രത്തിലേക്കും മാർക്കറ്റ് റോഡിലെ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും പ്രയോജനപ്പെടും. ഇത്തരത്തിൽ മുൻപ് ഒരു സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നതാണ്.