പെരുമ്പെട്ടി ∙ നിർമലപുരം കരുവള്ളിക്കാട് സംയുക്ത കുരിശുമല തീർഥാടനത്തിന് ആയിരക്കണക്കിന് വിശ്വാസികളെത്തി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്ന് ആരംഭിച്ച തീർഥാടന യാത്ര 14 സ്ഥലങ്ങളിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം സെന്റ് തോമസ് മൗണ്ടിലെത്തി. വേനൽച്ചൂടിലും മരക്കുരിശുമേന്തി മണിക്കൂറുകൾ താണ്ടിയാണ് കുരിശിന്റെ വഴി മലമുകളിലെത്തിയത്.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖസന്ദേശം നൽകി. ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽമാരായ ഫാ.വർഗീസ് താനമാവുങ്കൽ, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജയിംസ് പാലയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. മാത്യു താന്നിയത്ത്, ഫാ. വർഗീസ് കൈതപ്പറമ്പിൽ, തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമൂട്ടിൽ എന്നിവർ തീർഥയാത്രയ്ക്കും അനുബന്ധ പ്രാർഥനകൾക്കും നേതൃത്വം നൽകി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് തൈക്കാട്ട് സമാപന സന്ദേശം നൽകി. ഏപ്രിൽ 16 കുരിശുമലയിലെ തിരുനാളോടെ ഈ വർഷത്തെ തീർഥാടനത്തിന് സമാപ്തിയാകും.