ADVERTISEMENT

ഇലന്തൂർ ∙ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമാണം നീളുമ്പോൾ കളിക്കളം തേടി കായികതാരങ്ങൾ അലയുന്നു. 2019 നവംബറിൽ നിർമാണ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് സ്റ്റേഡിയം നിർമാണമാണ് എങ്ങും എത്താതെ കിടക്കുന്നത്. ഒരു ഏക്കർ 17 സെന്റ് ഭൂമിയാണ് സ്റ്റേഡിയത്തിന് ഉണ്ടായിരുന്നത്. ഇതിൽ 54 സെന്റ് നാട്ടുകൂട്ടായ്മയായ ഗ്രാമവികസന സമിതിയുടേതായും 63 സെന്റ് ഭൂമി ഏറ്റെടുക്കലിലൂടെയും ലഭിച്ചതാണ്.

എന്നാൽ നിലവിൽ സ്റ്റേഡിയത്തിന് ഒരു ഏക്കർ ഏഴ് സെന്റ് മാത്രമാണ് ഉള്ളത്. ബാക്കി ഭൂമിയിൽ കുടുംബശ്രീ കഫേ, വിപണന സ്റ്റാൾ, മൃഗാശുപത്രി എന്നിവ സ്ഥാപിച്ചു. ഒരു കോണിൽ തുരുമ്പെടുത്ത ആംബുലൻസും കിടക്കുന്നു.വീണാ ജോർജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ അനുവദിച്ച് ഒരു വർഷത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയത്. ചുറ്റുമതിൽ, പ്രവേശന കവാടം, സിന്തറ്റിക് കോർട്ട്, ഫുട്ബോൾ, വോളിബോൾ കോർട്ടുകൾ, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട്, ചുറ്റുമതിൽ, ഗാലറി, പാർക്കിങ് എന്നിവയാണ് നിർമിയ്ക്കാൻ തീരുമാനിച്ചത്.

സ്റ്റേഡിയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും പണി ഏറ്റെടുത്ത് നടത്തുന്നത് സ്പോർട്സ് എൻജിനീയറിങ് വിഭാഗമാണ്. പണി ആരംഭിച്ചെങ്കിലും കരാറുകാരൻ മരിച്ചതിനാൽ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി.തുടർന്ന് കോവിഡ് പ്രതിസന്ധിയും പ്രശ്നം സൃഷ്ടിച്ചു.പുതിയ കരാറുകാരനെ നിർമാണ പ്രവർത്തനങ്ങൾ ഏൽപിച്ചെങ്കിലും സ്റ്റേഡിയത്തിന് അടിയിൽ കൂടി കടന്നു പോകുന്ന കനാലാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ 7 വരെയുള്ള വാർഡുകളിൽ ജലം എത്തിക്കുന്ന സബ് കനാൽ സ്റ്റേഡിയത്തിന് അടിയിലൂടെയാണു പോകുന്നത്.

10 ലക്ഷം രൂപ മുടക്കി സബ് കനാൽ പണിതെങ്കിലും വാർഡുകളിൽ വെള്ളം ലഭിച്ചില്ല.ഇതിനായി ഇനിയും സ്റ്റേഡിയത്തിൽ പണി നടത്തണം എന്ന സ്ഥിതിയാണുള്ളത്. സബ് കനാൽ പണിയെ ആശ്രയിച്ചു മാത്രമേ നിലവിൽ സ്റ്റേഡിയത്തിന്റെ പണിയും പൂർത്തിയാക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com