ADVERTISEMENT

പടിഞ്ഞാറേത്തുപടി എന്നായിരുന്നു കൊറ്റനാട്-അയിരൂർ പഞ്ചായത്തുകളുടെ അതിർത്തിയുടെ ആദ്യ പേര്. നാട്ടുകാരുടെ നാവിൻതുമ്പിലേക്ക് ഗെസ്റ്റായി വീശിയിറങ്ങിയ ഒരു പലഹാരം ഒരു ഗസറ്റിലും പ്രസിദ്ധീകരിക്കാതെ ആ നാടിന്റെ പേരു മാറ്റി. പൊറോട്ട മുക്ക്! തിരുവനന്തപുരത്തുനിന്ന് ഇവിടേക്കു ടാപ്പിങ്ങിനു കുടിയേറിയ വെഞ്ഞാറുമൂടുകാരൻ ദാസ്, കത്തിക്കൊപ്പം പൊറോട്ടയുടെ രുചിക്കൂട്ടും പൊതിഞ്ഞെടുത്തു. തിരുവനന്തപുരത്തുകാരുടെ ‘ബെറോട്ട’ റാന്നി-തിരുവല്ല റോഡിൽ വാലാങ്കര അയിരൂർ റോഡ് സന്ധിക്കുന്ന മുക്കവലയിലെത്തിയപ്പോൾ പേര് ശരിക്കും ‘പൊറോട്ടയായി’. രുചിയുടെ ബോളെറിഞ്ഞു വീശിയടിച്ച ആ കഥ ഇങ്ങനെ:

1979ലാണു കവലയിൽ ഒരു ചായക്കട പ്രവർത്തനം തുടങ്ങിയത്. തടിയൂർ സ്വദേശിയായ ചന്ദ്രൻപിള്ളയായിരുന്നു കടയുടെ തുടക്കക്കാരൻ. 1981ൽ തിരുവനന്തപുരം സ്വദേശി സി.കെ.ദാസ് കടയുടെ ചുമതലക്കാരനായി എത്തി. ടാപ്പിങ് തൊഴിലാളിയായാണു ദാസ് ഇവിടെയത്തിയത്. പിന്നീട് ഹോട്ടൽ രംഗത്തേക്കു കടന്നുവരികയായിരുന്നു. ചായക്കടയിലെ മെനുവിൽ നാട്ടിൽ പ്രചാരത്തിലില്ലാത്ത പൊറോട്ട കൂടി ഉൾപ്പെടുത്തി ദാസ് ഒരു പാചക പരീക്ഷണം നടത്തി.

സംഗതി ഏറ്റു. വ്ലോഗർമാരും ബെൽ ഐക്കണും സബ്സ്ക്രൈബ് ബട്ടണും പിറക്കാത്ത ആ കാലത്തും പടിഞ്ഞാറേത്തുപടിയിലെ ചൂടു പൊറോട്ടയുടെയും ഇറച്ചിക്കറിയുടെയും രുചി നാടെങ്ങും പരന്നു. പലഭാഗത്തുനിന്നും ഭക്ഷണപ്രിയർ പൊറോട്ട തേടി പാഞ്ഞെത്തി. ‘പടിഞ്ഞാറേത്തുപടി’ എന്ന പേര് പടിപടിയായി പലരും മറന്നു തുടങ്ങി. പൊറോട്ടയുടെ രുചിച്ചുരുളിൽ ‘പടിഞ്ഞാറേത്തുപടി’ മറഞ്ഞു. അങ്ങനെ ആ നാടിനു പുതിയ പേരും വീണു. പൊറോട്ട മുക്ക്! കഴിക്കാൻ വഴി തേടി കവലകൾ കടന്നെത്തിയവരും കടയിലെ പൊറോട്ട ആവോളം അകത്താക്കിയവരും ആ പേര് ഊട്ടിയുറപ്പിച്ചു.

ദാസ് തന്നെയായിരുന്നു കടയിലെ പൊറോട്ടമേക്കർ. സഹായത്തിനു ഭാര്യയും കൂടി. ഇടക്കാലത്തു സഹായത്തിനായി 2 ജോലിക്കാരുമുണ്ടായിരുന്നു.   2015ൽ ആരോഗ്യപരമായ അവശതകൾ കാരണം കട നിർത്തി ദാസ് സ്വദേശത്തേക്കു മടങ്ങി. അവിടെ മകനൊപ്പം താമസമായി. എങ്കിലും പൊറോട്ട മുക്കിലെ പൊറോട്ടയ്ക്കു സ്ഥലംമാറ്റമുണ്ടായില്ല. 

മാടപ്ലാക്കൽ പുഷ്പാംഗദനാണ് ഇവിടെ ഇപ്പോൾ ചായക്കട നടത്തുന്നത്. കാലം കുറേ കടന്നെങ്കിലും ചായക്കടയിൽ ഇപ്പോഴും പൊറോട്ട തന്നെയാണു ഗെസ്റ്റ്! 10 രൂപയ്ക്ക് നല്ല ചൂടൻ രുചിയുള്ള പൊറോട്ട എപ്പോഴും ‘റെഡി’!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com