ADVERTISEMENT

തിരുവല്ല ∙ ഇത്തവണ റവന്യു ടവറിലെ ലിഫ്റ്റിൽ കുടുങ്ങിയത് അഭിഭാഷക ആർ.രാജലക്ഷ്മിയും ക്ലാർക്ക് അനിതാ ഷാജിയും. അരമണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷം അഗ്നിസുരക്ഷാ സേനയെത്തി ലിഫ്റ്റ് പൊളിച്ച് രണ്ടു പേരേയും പുറത്തെടുക്കുകയായിരുന്നു.രണ്ടാം നിലയിൽ നിന്ന് ഒരൽപം നീങ്ങിയ ശേഷം നിന്നു പോകുകയായിരുന്നു. ഉടൻ അഗ്നിസുരക്ഷാസേന ഓഫിസിലേക്കു വിളിച്ചു. അവിടത്തെ ഫോൺ പ്രവർത്തനരഹിതം. പിന്നീട് വക്കീൽ ഓഫിസിലുള്ളവർ ഫയർ ഫോഴ്സ് ഓഫിസിലെത്തി വിവരം അറിയിക്കുകയായിരുന്നു. 

രാജലക്ഷ്മി ടവറിന്റെ ഉടമസ്ഥരായ ഹൗസിങ് ബോർഡിലെ ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും അദ്ദേഹം തിരുവനന്തപുരത്താണെന്നായിരുന്നു മറുപടി. ടവറിലുള്ള ബോർഡിന്റെ ഇലക്ട്രീഷ്യനെ തിരക്കിയെങ്കിലും അദ്ദേഹവും സ്ഥലത്തില്ലായിരുന്നു. അപ്പോഴേക്കും 10 മിനിറ്റ് കഴിഞ്ഞിരുന്നു.ഫയർ ഫോഴ്സ് എത്തി ലിവർ ചലിപ്പിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് വാതിൽ പൊളിക്കാൻ തീരുമാനിച്ചു. ലിഫ്റ്റിന്റെ വാതിൽ ഹൈഡ്രോളിക് സ്പ്രേഡർ ഉപയോഗിച്ച് അകത്തിമാറ്റി. ഇതിനിടയിലൂടെ ഒരു കസേര അകത്തേക്കു കയറ്റി. ഇതിൽ കയറിനിന്ന് വക്കീലും ക്ലാർക്കും അഗ്നിസുരക്ഷാ ജീവനക്കാരുടെ കൈപിടിച്ച് മുകളിലേക്കു കയറി രക്ഷപ്പെട്ടു. 

ഒന്നര മാസത്തിനിടയിൽ ഇതു നാലാം തവണയാണ് ടവറിലെ ലിഫ്റ്റ് ആളുമായി കുടുങ്ങുന്നത്. ഏപ്രിൽ 13നാണ് താലൂക്ക് ഓഫിസിന്റെ ഭാഗത്തെ ലിഫ്റ്റ് 2 പേരുമായി കുടുങ്ങുന്നത്. അന്നും ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 3 ലിഫ്റ്റുകളുള്ള റവന്യു ടവറിലെ ഒരെണ്ണം വർഷങ്ങളായി തകരാറാണ്. പിന്നെയുള്ള ഒരെണ്ണം ഒന്നര മാസമായി തകരാറിലും. മൂന്നാമത്തേത് മാത്രമാണ് ഉപയോഗിക്കുന്നത്. ആള് കൂടുതൽ കയറുന്നതാണ് കാരണമെന്നു ടവർ അധികൃതർ പറയുമ്പോഴും 2 പ്രാവശ്യം 2 പേർ വീതമാണ് അകത്തുണ്ടായിരുന്നത്. ഒരു മതിലിനപ്പുറം ഫയർ ഫോഴ്സ് അധികൃതർ ഉള്ളതുകൊണ്ട് അകത്തു കുടുങ്ങുന്നവർക്ക് പെട്ടെന്ന് പുറത്തു കടക്കാൻ കഴിയുന്നതാണ് ആശ്വാസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com