ADVERTISEMENT

തിരുവല്ല ∙ മത്സ്യക്കൃഷി ചെയ്യുന്ന കുളത്തിന്റെ ബണ്ട് ബലപ്പെടുത്താനെന്ന പേരിൽ മണ്ണിറക്കി നിലം നികത്തിയെന്ന പരാതിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാറിനെതിരെ നടപടിയുമായി റവന്യു വകുപ്പ്. പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ പാടശേഖരത്തോടു ചേർന്ന നിലമാണ് ഒരാഴ്ചയായി മണ്ണടിച്ചു നികത്തുന്നത്. 50 സെന്റോളം നിലം ഇതുവരെ നികത്തിയതായാണ് കണ്ടെത്തൽ. നിലം നികത്തുന്നതായി പരാതി ലഭിച്ചതോടെ താലൂക്ക് ഓഫിസിലെ സ്ക്വാഡ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കാവുംഭാഗം വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ശനിയാഴ്ച രാത്രി വീണ്ടും മണ്ണടിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സബ് കലക്ടർ സഫ്ന നസറുദീനും തഹസിൽദാർ പി.എ.സുനിലും സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ രാത്രിയും ഇവിടെ മണ്ണിറക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സനൽകുമാറിനെതിരെ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് റവന്യു വകുപ്പ്. ഇടിഞ്ഞില്ലത്തെ നിർമാണത്തിലുള്ള വാണിജ്യ സമുച്ചയത്തിന്റെ ഭാഗത്തുനിന്നാണു നികത്താനുള്ള മണ്ണ് എടുത്തത്. മണ്ണു നീക്കം ചെയ്യാൻ ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങാത്തതിനാൽ ഇതിന്റെ ഉടമയ്ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

വേങ്ങൽ പാടശേഖരത്തോടു ചേർന്ന് മുണ്ടപ്പള്ളി കോളനിക്കു സമീപം നാലര ഏക്കറോളം നിലം സനൽകുമാറിനും കുടുംബത്തിനുമുണ്ട്. ഇതിൽ 50 സെന്റിലാണ് മത്സ്യക്കുളം. ഇവിടെ ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ മീൻ വളർത്തുന്നുണ്ട്. എന്നാൽ എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ മീനുകൾ ഒഴുകിപ്പോയി നഷ്ടം വരുന്നതിനാൽ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തുകയാണു ചെയ്തതെന്നാണ് സനൽകുമാർ വിശദീകരിക്കുന്നത്. കുളത്തിന്റെ ബണ്ട് ഒരു മീറ്റർ വീതിയിൽ ബലപ്പെടുത്തിയാൽ മതിയെന്നിരിക്കെ ഇവിടെ 3 മീറ്റർ വീതിയിലാണ് കെട്ടിടാവശിഷ്ടങ്ങളും മണ്ണും കൊണ്ടിറക്കിയിരിക്കുന്നതെന്നും ഇതിനായി സമീപത്തെ തോട് മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും റവന്യു അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com