മ്ലാവിനെ വേട്ടയാടിക്കൊന്ന സംഘത്തിലെ 4 പേർ അറസ്റ്റിൽ; തോക്കും പിടികൂടി

Mail This Article
സീതത്തോട് ∙ ശബരിമല വനത്തിനു സമീപം നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെ റബർ തോട്ടത്തിൽ മൃഗവേട്ട നടത്തിയ സംഘത്തിലെ 4 പേർ പിടിയിൽ. നാടൻ തോക്കും ഇറച്ചി കടത്താൻ ഉപയോഗിച്ച 2 ബൈക്കുകളും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ളാഹ വേലംപ്ലാവ് നാരകം നിൽക്കുന്നതിൽ സബീഷ് (37), ചിറ്റാർ പടയണിപ്പാറ മരുതിമൂട്ടിൽ അനിൽകുമാർ (37), ളാഹ രഘു ഭവനം ആർ.രമേശ് (29), നിലയ്ക്കൽ ആഞ്ഞിലിമൂട്ടിൽ രത്നമ്മ (57) എന്നിവരെയാണ് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എസ്.മണിയുടെ നേതൃത്വത്തിൽ പ്ലാപ്പള്ളി ഡപ്യൂട്ടി റേഞ്ചർ കെ.അനിൽകുമാർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഒളിവിലാണ്. പിടിയിലായ എല്ലാവരും ബന്ധുക്കളാണ്.
ഞായറാഴ്ച രാവിലെ ഇലവുങ്കൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് അതിവേഗം പോയ രമേശ്, അനിൽ എന്നിവരുടെ ബൈക്കിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ബൈക്കിന്റെ പിന്നിലിരുന്ന യാത്രക്കാരന്റെ കൈവശം ബാഗ് കണ്ടതാണ് വനപാലകർക്കു സംശയം ഉണ്ടാകാൻ കാരണം. ഇവരെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം വച്ച് വനപാലകർ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട് പോയി. ഇവരെ പിന്തുടർന്ന വനപാലക സംഘം വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. ഇതിനോടകം തന്നെ ഇവർ കൈവശം വച്ചിരുന്ന ബാഗ് വനത്തിൽ എറിഞ്ഞിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മൃഗ വേട്ട പുറത്തറിയുന്നത്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിനു സമീപം വച്ച് തോക്ക് ഉപയോഗിച്ചു മ്ലാവിനെ വേട്ടയാടുകയായിരുന്നുവെന്ന് ഇവർ വനപാലകരോടു സമ്മതിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ പാർക്കിങ് ഗ്രൗണ്ടിനു സമീപം കാട്ടിൽ ഒളിപ്പിച്ച നിലയിൽ തോക്ക് കണ്ടെത്തി. നിലയ്ക്കൽ തോട്ടത്തിൽ നിന്ന് വിരമിച്ച രത്നമ്മ ഇവിടെ തന്നെയുള്ള ലയത്തിലാണ് താമസം. മൃഗവേട്ട സംഘത്തിനു വേണ്ട സഹായങ്ങൾ ഒരുക്കി നൽകിയത് രത്നമ്മയാണെന്ന് വനപാലകർ പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി.എൻ അജയൻ, എസ്.ആദിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിതിൻ ജോൺസൺ, വിഷ്ണു പ്രിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.