ADVERTISEMENT

പത്തനംതിട്ട ∙ ‘പഠനകാര്യങ്ങളെക്കാൾ ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിക്കാനാണ്’. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വളരെ പിന്നോട്ടാണ്. മഴക്കാലത്ത് കുട്ടികൾക്ക് ഏതുതരം ഭക്ഷണം നൽകുന്നതാണ് ഏറ്റവും ഉചിതം?’ സ്കൂളുകൾ തുറക്കാനിരിക്കെ, മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങളാണു രക്ഷിതാക്കൾക്കുണ്ടായിരുന്നത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ്പാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ചോദ്യങ്ങൾക്കു മറുപടി നൽകിയത്. (കുട്ടികളുടെ സ്വകാര്യത മാനിച്ച് അവരുടെ പേരുകൾ ഒഴിവാക്കുന്നു.)

∙ എസ്എസ്‌എൽസി കഴിഞ്ഞു നിൽക്കുന്ന എനിക്ക് ഉറക്കക്കുറവാണു പ്രധാന പ്രശ്നം. രാത്രി ഒരുമണി വരെ മൊബൈൽ ഫോണിൽ സമയം ചെലവഴിക്കും. പഠനത്തിൽ ശ്രദ്ധയും കുറവാണ്. എന്താണു പ്രതിവിധി ? (പന്തളം സ്വദേശി) 

രാത്രിയിൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറച്ചാൽ ഉറക്കക്കുറവിന് പരിഹാരമാകും. സ്ക്രീൻ ടൈം വർധിക്കുന്നതനുസരിച്ചു ക്ഷീണം കൂടും. ഇത് ഉറക്കം കെടുത്തും. പഠനത്തിനും ഫോൺ ഉപയോഗിക്കുന്നതിനും പ്രത്യേകം സമയം കണ്ടെത്തുന്നതാണ് ഉചിതം. മൊബൈൽ ഉപയോഗിക്കുന്നതിനു രാത്രി കാലങ്ങളിൽ സമയക്രമം ഉണ്ടാകണം. ഉറങ്ങുന്നതിനു മുൻപ് ഫോൺ മാറ്റിവയ്ക്കുക. ഉറക്കം വരുമ്പോൾ ഫോൺ മാറ്റാമെന്ന ചിന്താഗതിയാണ് മാറേണ്ടത്. വീട്ടിലുള്ളവരുമായുള്ള സംഭാഷണം വർധിപ്പിക്കുക. ‘ഫാമിലി ടൈം’ ഉണ്ടാക്കിയെടുത്താൽ ഫോണിന്റെയും മറ്റു ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുറയ്ക്കാനാകും.

∙ ആഹാരം കഴിക്കുന്ന കാര്യത്തിൽ കുട്ടികൾ വളരെ പിന്നോട്ടാണ്. മഴക്കാലത്ത് പിന്തുടരേണ്ട ആഹാരക്രമം പറയാമോ? (അനില കൊടുമൺ)

മഴക്കാലം, വേനൽക്കാലം എന്നിങ്ങനെ പ്രത്യേക ആഹാരരീതികൾ ഇല്ല. എല്ലാക്കാലത്തും വീടുകളിലുണ്ടാക്കുന്ന ഭക്ഷണം അനുയോജ്യമാണ്. ബേക്കറി, എണ്ണപ്പലഹാരങ്ങൾ, പുറത്തുനിന്നു വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ എന്നിവ കുട്ടികൾക്കു നൽകുന്നതിൽ പരിധി നിശ്ചയിക്കണം. കഴിവതും ഇങ്ങനെയുള്ള ഭക്ഷണം നൽകാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. കൃത്യസമയത്ത് നല്ല ഭക്ഷണം കഴിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം.

∙ മകൻ 7–ാം ക്ലാസിലാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണു പ്രധാന പ്രശ്നം. എത്ര നിർബന്ധിച്ചാലും കഴിക്കാൻ കൂട്ടാക്കില്ല. (സബിത, അടൂർ)

പ്രഭാത ഭക്ഷണം ശരീരത്തിനും മാനസിക ഉല്ലാസത്തിനും അത്യാവശ്യമാണ്. കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കാത്തതു തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും. ഉച്ചവരെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് അപകടം വിളിച്ചുവരുത്തുകയും ചെയ്യും. അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ വന്നാൽ പിന്നീട് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാകും. 

∙ 7–ാം ക്ലാസ് വിദ്യാർഥിയാണ്. ഓർമക്കുറവാണു പ്രധാന പ്രശ്നം. പല ആവർത്തി വായിച്ചിട്ടും പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകുന്നു. എന്താണു പ്രതിവിധി? ഒപ്പം അമിതവണ്ണം കുറയ്ക്കാനുള്ള വഴികൂടി പറയാമോ? (കോഴഞ്ചേരി സ്വദേശി)

ചെറുപ്രായത്തിലെ ഓർമക്കുറവ് വലിയ പ്രശ്നമായി കാണേണ്ടതില്ല. പഠിക്കുന്ന കാര്യത്തിൽ ഉണ്ടാകുന്ന ഓർമക്കുറവ് പരിഹരിക്കാനാകും. പഠിച്ച കാര്യങ്ങൾ പിന്നീട് ഓർത്തെടുക്കാൻ ശ്രമിക്കണം. ഓർമ കിട്ടുന്നില്ലെങ്കിൽ വീണ്ടും മനസ്സിരുത്തി വായിക്കുകയും എഴുതിപ്പഠിക്കുകയും ചെയ്യാം. ഇങ്ങനെ പഠനരീതി മുന്നോട്ടുകൊണ്ടുപോകാം. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ വ്യായാമത്തിനോ കളിക്കാനോ തിരഞ്ഞെടുക്കാം. ഓടുക, നടക്കുക, ഷട്ടിൽ കളിക്കുക തുടങ്ങിയ വ്യായാമ രീതികൾ തിരഞ്ഞെടുക്കാം. 

∙ കുട്ടികൾ 2 പേർക്കും ബേക്കറിയിൽനിന്നു വാങ്ങുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാനാണു താൽപര്യം. ചോറ് അടക്കമുള്ള ഭക്ഷണസാധനങ്ങളോട് വിരക്തിയാണ്? (വീട്ടമ്മ, പത്തനംതിട്ട)

ചെറുപ്പം മുതൽ കുട്ടികളിൽ ഭക്ഷണ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. ജങ്ക് ഫുഡ് സംസ്കാരത്തിൽ നിന്നു മാറുന്നതാണ് അത്യുത്തമം. ബേക്കറി പലഹാരങ്ങൾ നിത്യേന കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം എന്നിവ ഉണ്ടാകാൻ ഇടയാക്കും. അളവ് കുറച്ച് തവണകളായി ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുക. പതിയെ കൃത്യമായ ഭക്ഷണ രീതിയിലേക്ക് എത്തിക്കോളും.

∙ വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ശരീരത്തിനു നല്ലതാണോ? (അസ്ന, പത്തനംതിട്ട)

നിറവും രുചിയും കൂട്ടാനുള്ള പദാർഥങ്ങൾ, വറുത്ത എണ്ണ പല തവണ ഉപയോഗിക്കൽ എന്നിവ വീട്ടിലെ പാചക രീതിയിൽ ഉണ്ടാകാറില്ലല്ലോ. പുറത്തുനിന്നു ലഭിക്കുന്ന ഭക്ഷണ സാധനങ്ങളിൽ നിറവും മണവും രുചിയും കൂടുതലുമായിരിക്കും. ഇവ ശരീരത്തിന് ഒട്ടും ഗുണകരമല്ല. എന്നാൽ വീടുകളിലെ ഭക്ഷണത്തിൽ നിന്നു ഇവയൊന്നും ചേർക്കാത്തതിനാൽതന്നെ ആരോഗ്യകരമായ വിഭവങ്ങളാകും ലഭിക്കുക. 

∙ മെലിഞ്ഞ ശരീരമാണ് മകളുടേത്. പ്രായത്തിനനുസരിച്ചുള്ള ഭാരവുമില്ല? (അർച്ചന, പത്തനംതിട്ട)

മെലിഞ്ഞ ശരീരപ്രകൃതിയിൽ ആശങ്കപ്പെടേണ്ടതില്ല. മിതമായ രീതിയിൽ ഭക്ഷണം കഴിക്കുകയും ഊർജസ്വലമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ മറ്റൊന്നും ചെയ്യേണ്ടതില്ല. ചില കുട്ടികൾക്ക് ഒരുപ്രായംവരെ മെലിഞ്ഞ ശരീരമായിരിക്കും. കുറച്ചുകൂടി വളരുന്നതോടെ ഭാരം വർധിക്കുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും. കുട്ടികൾ അവശരായി കാണപ്പെടുന്നുണ്ടെങ്കിൽ മാത്രം ആരോഗ്യ വിദഗ്ധരുടെ സഹായം തേടിയാൽ മതിയാകും.

സ്ഥിരം പനിയും ജലദോഷവും; ശ്രദ്ധിച്ചാൽ പേടിക്കേണ്ട

മഴക്കാലത്ത് പനി പിടിപെടാൻ സാധ്യത ഏറെയാണ്. വൈറൽ പനിയും ഒപ്പം കോവിഡുമുണ്ടാകാം. ലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയായതിനാൽ ഇവ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. രോഗങ്ങളിൽനിന്നു മുക്തരാക്കാൻ കുട്ടികളെ മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ആദ്യ നടപടി. ഒപ്പം കൈകളുടെ വൃത്തിയുടെ ഉറപ്പാക്കാം. ശുചിമുറിയിൽ പോയതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും വൃത്തിയായി കൈകൾ കഴുകാൻ പഠിപ്പിക്കുക. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ നിരീക്ഷണത്തിൽ തുടരുന്നതാണ് ഉത്തമം. പകർച്ചപ്പനിയുടെ സീസണായതിനാൽ മറ്റുള്ളവർക്ക് രോഗം പകരുന്ന സാഹചര്യം ഉണ്ടാക്കാതെ ശ്രദ്ധിക്കാം. ശ്വാസംമുട്ടൽ, ചുമ, തലചുറ്റൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സേവനം തേടാം. കുട്ടികളിൽ അപകടകാരികളായ കോവിഡ് കണ്ടുവരുന്നില്ല. ഇക്കാരണത്താൽ ആശങ്കപ്പെടേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com