കടുവ മണിയാറിൽ; രാത്രി ഒറ്റയ്ക്കു നടക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം

ഇന്നലെ പുലർച്ചെ കടുവയെ കണ്ട മരത്തിനു സമീപം തോട്ടം തൊഴിലാളി അലക്സ് ജോസഫ്.
SHARE

സീതത്തോട് ∙ മണിയാർ എവിടി തോട്ടത്തിൽ കടുവ ഇറങ്ങി. റബർ ടാപ്പിങ്ങിനായി വീട്ടിൽനിന്നിറങ്ങിയ ചരുവിള പുത്തൻവീട്ടിൽ അലക്സ് ജോസഫ്, മണിയാർ കാർബോറാണ്ടം പദ്ധതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബാഷ്, കുറുങ്ങാലി ലയത്തിൽ താമസിക്കുന്ന റോജി എന്നിവരാണു കടുവയെ നേരിൽകണ്ടത്. റോഡിനോടു ചേർന്നുള്ള മരത്തിനു സമീപത്തായാണ് കടുവയെ കണ്ടതെന്ന് ഇവർ പറഞ്ഞു.സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി പരിശോധന നടത്തി.

കടുവ തന്നെയാകാമെന്ന നിഗമനത്തിലാണ് വനപാലകർ. രാത്രി ഒറ്റയ്ക്കു നടക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകി. പ്രദേശത്തു റോന്ത് ചുറ്റൽ കർശനമാക്കിയതായി വനപാലകർ പറഞ്ഞു. മണിയാർ തൂക്കുപാലത്തിനു സമീപത്തെ കാട്ടിലാണ് കടുവയുടെ താവളമെന്ന് സംശയം. ഒന്നര മാസം മുൻപ് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായി മുതലവാരത്തിനു സമീപം കടുവയെ കണ്ടിരുന്നു. ഇപ്പോൾ കടുവയെ കണ്ട സ്ഥലത്തിനു സമീപമാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖല.

വെളുപ്പിന് രണ്ടരയായിക്കാണും. കയ്യിലിരുന്ന ടാപ്പിങ് കത്തി രാകി ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ നടന്നുവരുമ്പോഴാണ് കഷ്ടിച്ച് 15 അടി മുന്നിലായി കടുവയെ കാണുന്നത്. മൂടൽ മഞ്ഞ് കാരണം ആദ്യം വ്യക്തമായില്ല. ലൈറ്റ് വ്യക്തമായി തെളിച്ചപ്പോൾ കടുവയാണെന്നു മനസ്സിലായി. പേടിച്ചലറി സമീപത്തെ രമേശിന്റെ ലയത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ വാഹനവുമായി എത്തിയാണ് വീട്ടിലെത്തിച്ചത്. അലക്സ് ജോസഫ് ചരുവിള പുത്തൻവീട് എവിടി തോട്ടം തൊഴിലാളി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS