ADVERTISEMENT

പത്തനംതിട്ട ∙ അച്ചൻകോവിലാറ്റിലെ വെട്ടൂർ ഇല്ലത്ത് കടവിലെ മൂന്നാൾ താഴ്ചയുള്ള ചുഴിയുള്ള ഭാഗത്താണ് കുട്ടികൾ മുങ്ങിമരിച്ചതെന്ന് അഗ്നിരക്ഷാസേന. വിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ ഡൈവിങ് ടീം അംഗങ്ങളും സ്ഥലത്തേക്കു കുതിച്ചെത്തിയിരുന്നു. 5 കുട്ടികളാണ് അപ്പോൾ കരയ്ക്കുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ‘പരിചയമില്ലാത്ത കടവുകളിൽ ഒറ്റയ്ക്കും കൂട്ടായും കളിക്കാനും കുളിക്കാനും ഇറങ്ങിയതാണ് വീണ്ടും വിനയായത്. ചുഴിയുടെ തൊട്ടടുത്തുവരെ അരയാൾ പൊക്കത്തിലേ വെള്ളമുള്ളു.

ആഴം കുറഞ്ഞ ഭാഗത്തുനിന്നു ചുഴിയിലേക്കു വീണാൽ തിരിച്ചു കയറാൻ പ്രയാസമാണ്, നീന്തൽ അറിയാമെങ്കിലും. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂളുകളിൽ അടക്കം ആഴ്ചയിൽ മൂന്നു തവണ ബോധവൽക്കരണ ക്ലാസുകൾ നൽകാറുണ്ട്. സേനയ്ക്ക് പരിമിതമായ അംഗബലമാണ് ഉള്ളത്. അതിനാൽ കോളജുകൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരെ വിളിച്ചുചേർത്ത് ബോധവൽക്കരണം നൽകുകമാത്രമാണ് ചെയ്യാൻ കഴിയുന്നത്. മുന്നറിയിപ്പുകൾ കാര്യമായെടുക്കാൻ കുട്ടികളും മുതിർന്നവരും ഇനിയെങ്കിലും ശ്രദ്ധിക്കണം’– അഗ്നിരക്ഷാ സേന പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ പറഞ്ഞു.

തടയണ തകർന്നത് 2018ൽ

12 വർഷം മുൻപ് നദിയിലെ ജലനിരപ്പ് ക്രമീകരിക്കാനായി ഇറിഗേഷൻ വകുപ്പ് ഇവിടെ നിർമിച്ച തടയണ 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് ഇത് പുനർനിർമ്മിക്കാൻ നടപടിയുണ്ടായില്ല. വേനലിൽ നാട്ടുകാർ അക്കരെയിക്കരെ നടന്നുപോകാനും ഉപയോഗിച്ചിരുന്നു. ഇപ്പോഴത് ഉപയോഗശൂന്യമായ നിലയിലാണ്. അപകട ഭീഷണിയും ഉയർത്തുന്നു. തടയണയ്ക്കു മുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ശക്തിയായി പതിച്ചാണ് ഇവിടെ ചുഴി രൂപപ്പെട്ടിട്ടുള്ളത്. ഇതിന് തൊട്ടടുത്തായി എത്തുന്നവരെ കയത്തിലേക്ക് വലിച്ച് അടുപ്പിക്കുന്ന സാഹചര്യവുമുണ്ട്.

ഇക്കാര്യം അറിയാവുന്ന ഇവിടത്തുകാർക്ക് ഇവിടെ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഒരിക്കൽപോലും പരിസരത്തെ കടവുകളിൽ മുങ്ങിമരണം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഉപയോഗശൂന്യമായ തടയണ പൊളിച്ചുമാറ്റുകയോ പുനർനിർമിക്കുകയോ വേണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.അതേസമയം, ഇവിടെ കാര്യമായ അപകട മുന്നറിയിപ്പു സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. സ്ഥലവാസികളല്ലാത്തവർ അടക്കം ഒട്ടേറെ ആളുകളാണ് രാത്രിയിലടക്കം ആറ്റുകടവിൽ വന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനു നിയന്ത്രണം ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ഇത്തരം ഒട്ടേറെ അപകടങ്ങൾക്ക് കാരണമാകുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.

മുൻകരുതൽ വേണം

ഇളകൊള്ളൂർ∙ പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂർ വെട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ രണ്ട് കുട്ടികൾ മുങ്ങിമരിക്കാനിടയായ സാഹചര്യം ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടെ അധികൃതർ ഗൗരവമായി കാണണമെന്ന് പഞ്ചായത്ത് അംഗം വി.ശങ്കർ ആവശ്യപ്പെട്ടു. അച്ചൻകോവിലാറ്റിലെ അപകടകരമായ സ്ഥലങ്ങൾ ഉൾപ്പെടുന്ന കുളിക്കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പലതവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ജില്ലാ കലക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com