പത്തനംതിട്ട ∙ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പഠനം മികവുറ്റതാക്കാൻ ത്രീഡി തിയറ്ററൊരുക്കി വാഴമുട്ടം നാഷനൽ യുപി സ്കൂൾ. 450 ചതുരശ്ര അടി വിസ്തൃതിയിൽ 41 സീറ്റുകളാണ് ഒരുക്കിയത്. 14 അടി നീളവും 9 അടി വീതിയുമുള്ള സ്ക്രീനാണ് സ്ഥാപിച്ചത്. ഡിജിറ്റൽ സൗണ്ട് സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്.
ഇന്ററാക്ടീവ് സ്മാർട് ഡിജിറ്റൽ പോഡിയവും വിഡിയോ കോൺഫറൻസ് സംവിധാനവും ഉണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ ആദ്യമാണെന്നു മാനേജർ രാജേഷ് ആക്ലേത്ത്, പ്രധാനാധ്യാപിക ജോമി ജോഷ്വ എന്നിവർ പറഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ, സ്പേസ് സയൻസ്, ആധുനിക കാർഷിക രീതികൾ, ഭാഷ, ചരിത്രം എന്നിവ ആകർഷകമായി കുട്ടികളെ പഠിപ്പിക്കാൻ 3ഡി തിയറ്റർ സഹായമാകുമെന്ന് ഇവർ പറഞ്ഞു.