ഇന്ന് ലോക ക്ഷീരദിനം: ക്ഷീരകർഷകയായി, ജീവിതത്തിനു ശ്രീയേകാൻ അനുശ്രീ ഒരുങ്ങുന്നു...

Mail This Article
മണക്കാല∙ 21 വയസേയുള്ളൂ അനുശ്രീക്ക്. പക്ഷേ സ്വന്തം ജീവിതം കരുപ്പിടിക്കേണ്ട ചുമതല അനുശ്രീക്കാണ്.ഒപ്പം ബന്ധുവിന്റെ സംരക്ഷണയിലുള്ള അനുജനെയും കരപറ്റിക്കണം. അതിനു തുണ ഒരു ജേഴ്സി പശുവാണ്. അതിനെ വളർത്തി കരകയറാനുള്ള ശ്രമത്തിലാണ് അനുശ്രീ. ദിവസവും രാവിലെ 5 ലീറ്ററും ഉച്ച കഴിഞ്ഞ് 3 ലീറ്ററും പാലു ലഭിക്കുന്ന ജേഴ്സി ഇനത്തിൽപ്പെട്ട പശുവിനെ ആശ്രയിച്ചാണു ജീവിതം. പശുവിനെ കുളിപ്പിക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതും തീറ്റപ്പുല്ല് എത്തിക്കുന്നതുമെല്ലാം അനുശ്രീയാണ്.
പാൽ കറക്കുന്നതിനും മറ്റു സഹായത്തിനും അമ്മയുടെ സഹോദര ഭാര്യ സുഭാഷിണിയും ഒപ്പും കൂടും. ക്ഷീരവികസന വകുപ്പാണ് അതിദരിദ്ര വിഭാഗത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിക്കു ദാരിദ്ര്യ ലഘൂകരണത്തിനുള്ള ഒരു പശു യൂണിറ്റ് പദ്ധതി പ്രകാരം വിലയുടെ 90% സബ്സിഡിയോടെ കൂടി പശുവിനെ നൽകിയത്.
മണക്കാല തുവയൂർവടക്ക് ചാങ്ങയിൽ വീട്ടിൽ അനുശ്രീയുടെ കുട്ടിക്കാലത്തു തന്നെ അച്ഛൻ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് അമ്മ ചെല്ലമ്മയുടെ സംരക്ഷണയിലാണു കഴിഞ്ഞുവന്നത്. എന്നാൽ ജോലിക്കിടെ വീണു പരുക്കേറ്റ് കിടപ്പിലായ അമ്മ ആറു വർഷം മുൻപു മരിച്ചതോടെ അനുശ്രീയും ഇളയ സഹോദരനും അനാഥരാവുകയായിരുന്നു. അമ്മാവൻ ചാങ്ങയിൽ കുഞ്ഞിരാമന്റെ സംരക്ഷണയിലാണ് അനുശ്രീ ഇപ്പോൾ . സഹോദരനെ മറ്റൊരു ബന്ധുവും സംരക്ഷിക്കുന്നു. സർക്കാർ അതിദരിദ്രരുടെ കണക്കെടുത്തപ്പോൾ ആ പട്ടികയിൽ അനുശ്രീയും ഉൾപ്പെട്ടിരുന്നു.
അങ്ങനെയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വരുമാനം കണ്ടെത്തുന്നതിനായി അടൂർ ക്ഷീരവികസന വകുപ്പ് ഓഫിസ് അധികൃതർ ഏറത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സഹായത്തോടെ പശുവിനെ നൽകിയത്. പശുവളർത്തലിനൊപ്പം കുടുംബശ്രീയുമായി ബന്ധപ്പെട്ട് താൽക്കാലിക ജോലിയും ചെയ്യുന്നുണ്ട് ബിരുദധാരിയായ അനുശ്രീ.