മൈലപ്ര ∙ 5–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതോടെ ഉയരുന്നത് ഒറ്റ ചോദ്യം. മൈലപ്ര പഞ്ചായത്ത് ഇനി ആരു ഭരിക്കും? യുഡിഎഫ്– 6, എൽഡിഎഫ്– 5, ബിജെപി–1, സ്വതന്ത്രൻ–1 എന്നിങ്ങനെയാണു നിലവിൽ പഞ്ചായത്തിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിന് 7 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച മാത്യു വർഗീസിന്റെ പിന്തുണയോടെയാണു നിലവിൽ എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.പഞ്ചായത്തിൽ ഭരണ മാറ്റം ഉണ്ടാകുമോയെന്നതിൽ ഏറ്റവും നിർണായകം നിലവിലെ ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം സ്വീകരിക്കുന്ന നിലപാടാകും. എൽഡിഎഫ്–6, യുഡിഎഫ്–5, ബിജെപി–1, സ്വതന്ത്രൻ–1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ സമിതിയിലെ കക്ഷിനില. സിറ്റിങ് സീറ്റിലെ അപ്രതീക്ഷിത തോൽവി സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പ്രതിപക്ഷത്ത് 7 അംഗങ്ങൾ ഉണ്ടെന്നിരിക്കെ, അവിശ്വാസ പ്രമേയം അതിജീവിക്കുക എന്നതു നിലവിലെ ഭരണസമിതിക്കു വലിയ വെല്ലുവിളിയാണ്.
മാത്യു വർഗീസിന്റെ പിന്തുണ ലഭിച്ചാൽ യുഡിഎഫിനു പഞ്ചായത്ത് ഭരണത്തിനു വഴിതുറക്കും. മാത്യു വർഗീസ് എൽഡിഎഫിനൊപ്പം ഉറച്ചു നിന്നാലും ബിജെപി അംഗം പിന്തുണച്ചാൽ അവിശ്വാസം വിജയിക്കും. അങ്ങനെയെങ്കിൽ, പിന്നീടു ടോസിങ്ങിലൂടെ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ നീങ്ങും. താൻ ഒരു കക്ഷിയുടെയും ഭാഗമല്ലെന്നു സുസ്ഥിര ഭരണത്തിനായാണു എൽഡിഎഫിനു പിന്തുണ നൽകിയതെന്നു മാത്യു വർഗീസ് പറഞ്ഞു. കോൺഗ്രസിന്റെ ജില്ലാ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പിന്തുണ തേടി ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മാത്യു വർഗീസ് പറഞ്ഞു.
‘സിപിഎം അഴിമതിക്ക് എതിരായ വിജയം’
പത്തനംതിട്ട ∙ മൈലപ്ര പഞ്ചായത്ത് 5-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജെസ്സി വർഗീസിന്റെ വിജയം സിപിഎമ്മിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. മൈലപ്ര ജംക്‌ഷനിൽ ചേർന്ന യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈലപ്ര സഹകരണ ബാങ്കിലും പഞ്ചായത്ത് ഭരണത്തിലും സിപിഎം നടത്തിയ അഴിമതിയുടെ ഫലമാണെന്ന് തിരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണം, അഴിമതി എന്നിവയ്ക്കെതിരായ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ.ഗോപി അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, സുനിൽ എസ്. ലാൽ, എലിസബത്ത് അബു, ആർ. ദേവകുമാർ എന്നിവർ പ്രസംഗിച്ചു.
തകർത്തത് 12 വർഷത്തെ കുത്തക
മൈലപ്ര ∙ എൽഡിഎഫിന്റെ കുത്തകയായ പഞ്ചായത്ത് അഞ്ചാം വാർഡ് 12 വർഷത്തിനു ശേഷം തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫും കോൺഗ്രസും. 2010 മുതൽ തുടർച്ചയായി സിപിഎമ്മിലെ ചന്ദ്രിക സുനിൽ വിജയിച്ച വാർഡാണ് ജെസ്സി വർഗീസിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ 57 വോട്ടിന് ചന്ദ്രിക സുനിലിനോട് പരാജയപ്പെട്ട ജെസ്സിക്ക് ഇക്കുറി 76 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ജെസ്സി വർഗീസിന് 230 വോട്ടു ലഭിച്ചപ്പോൾ ഷെറിൻ വി. ജോസഫിന് (എൽഡിഎഫ്) 154 വോട്ടും റിൻസി രാജുവിനു (ബിജെപി) 146 വോട്ടും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നാണ് 5–ാം വാർഡിൽ വീണ്ടും തിരഞ്ഞെടുപ്പു വേണ്ടിവന്നത്. മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണു ജെസ്സി. ഫലപ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫ് വാർഡിൽ ഉടനീളം ആഹ്ലാദപ്രകടനം നടത്തി.
പഞ്ചായത്ത് പടിയിൽ നിന്ന് മൈലപ്ര ടൗൺ വരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാൽനടയായി ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, കോൺഗ്രസ് നേതാക്കളായ പി.കെ.ഗോപി, ആർ. ദേവകുമാർ, ജയിംസ് കീക്കരിക്കാട്ട്, എൽസി ഈശോ, ജോർജ് യോഹന്നാൻ, വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്ര, ജാബി മണ്ണാറക്കുളഞ്ഞി, സുനിൽ കുമാർ, ലിബു മാത്യു, ബിന്ദു ബിനു എന്നിവർ നേതൃത്വം നൽകി. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് വാർഡിൽ ഉടനീളം ആഹ്ലാദ പ്രകടനം നടത്തിയത്. രണ്ടാംകലുങ്ക്, മണ്ണാറക്കുളഞ്ഞി, കുളത്താനി, ചീങ്കൽത്തടം, നീളാത്തിപ്പടി, ഓലിക്കൽപ്പടി, ഓവനാൽപടി, തുണ്ടയം, ചക്കാലേത്ത്പടി, എന്നിവിടങ്ങളിൽ സ്വീകരണവും നൽകി.