ADVERTISEMENT

ഏനാത്ത് ∙ മനോരമ വാർത്ത തുണയായി. ക്ഷീര കർഷകന്റെ കണ്ണീരൊപ്പി മുംബൈ മലയാളികൾ. ജീവിത മാർഗമായിരുന്ന നാലു പശുക്കൾ മിന്നലേറ്റ് ചത്തതിനെ തുടർന്ന് സങ്കടത്തിലായ കുടുംബത്തിന് പാൽ ചുരത്തുന്ന പശുവിനെ വാങ്ങി നൽകിയാണ് മുംബൈ മലാഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലെ കുറച്ച് അംഗങ്ങളും ഗോരേഗാവ് കൈരളി മിത്രമണ്ഡലിലെ രണ്ട് സുമനസ്സുകളും കർഷകന് കൈത്താങ്ങായി മാറിയത്.

ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടിൽ മാത്യുവിന്റെ പശുക്കളാണ് കഴിഞ്ഞ 17 ന് മിന്നലേറ്റ് ചത്തത്.തൊഴുത്തിൽ കെട്ടിയിരുന്ന 2 കറവപ്പശുക്കളും ഗർഭാവസ്ഥയിലുള്ള 2 പശുക്കളുമാണ് ചത്തത്.

കഴിഞ്ഞ 9 വർഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിതം കഴിയുന്നത്.കുടുംബത്തിന് തണലായിരുന്ന പശുക്കളുടെ ജീവൻ നഷ്ടമായത് മനോരമയിൽ വായിച്ചറിഞ്ഞാണ് മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളി സമൂഹം മാത്യുവിനെ സഹായിക്കാൻ മുന്നോട്ട് വന്നത്.മുംബൈയിൽ നിന്ന് നാട്ടിലെത്തിയ പെരുമ്പാവൂർ സ്വദേശി പൗലോസ്, നെൻമാറ സ്വദേശി ബിജു കുര്യാക്കോസ് എന്നിവർ ചേർന്ന് ഇന്നലെ മാത്യുവിന് പശുവിനെ വാങ്ങി നൽകി.

കൊട്ടാരക്കര കലയപുരത്തുള്ള ക്ഷീര കർഷകനായ അജി വിലാസത്തിൽ കൃഷ്‌ണകുമാറിന്റെ പശുക്കളിൽ സങ്കര ഇനത്തിൽപ്പെട്ട കറവ പശുവിനെയും കുട്ടിയെയുമാണ് തുക നൽകി വാങ്ങി മാത്യുവിന് കൈമാറിയത്.

മറുനാട്ടിൽ തൊഴിൽ തേടിയെത്തിയെങ്കിലും തങ്ങളുടെ കർഷക പാരമ്പര്യവും മാത്യുവിന്റെയും കുടുംബത്തിന്റെയും അവസ്ഥയുമാണ് സഹായത്തിന് പ്രേരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു.

പ്രളയത്തിൽ പശുവിനെ നഷ്ടപ്പെട്ട പറവൂർ സ്വദേശിക്കും ഈ മലയാളി സംഘം പശുവിനെ വാങ്ങി നൽകിയിരുന്നു.കുടുംബത്തിന് ആശ്വാസം പകർന്ന നന്മയുടെ കരങ്ങൾക്ക് നന്ദി പറഞ്ഞ് മാത്യു പശുവിനെ ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com