ADVERTISEMENT

കുട്ടികളെ സ്വീകരിക്കാൻ ബാലരമ കഥാപാത്രങ്ങളും !

കൈപ്പട്ടൂർ ∙ പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ സ്വീകരിക്കാൻ ബാലരമയിലെ കാർട്ടൂൺ കഥാപാത്രങ്ങൾ എത്തിയത് വേറിട്ട കാഴ്ചയായി. ഡാകിനി അമ്മൂമ്മയെയും കൂട്ടുസനെയും കണ്ടു ഭയന്നും ലുട്ടാപ്പിയെ കളിയാക്കിയും മായാവിക്ക് കയ്യടിച്ചും രാജുവിനും രാധയ്ക്കുമൊപ്പം പാട്ടുപാടിയും കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി. സംവിധായകൻ കൊടുമൺ ഗോപാലകൃഷ്ണനാണ് കഥാപാത്രങ്ങൾ ഉൾപ്പെട്ട നാടകം സംവിധാനം ചെയ്തത്. കാട്ടിൽ അകപ്പെട്ട രാജുവിനെയും രാധയെയും, ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും ചേർന്ന് പറ്റിക്കുന്നതും മായാവി രക്ഷിക്കുന്നതുമായ മായാവിക്കഥ കുട്ടികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും രസകരമായ അനുഭവമാണ് സമ്മാനിച്ചത്. സദസ്സിനിടയിലൂടെ ഓടിയും ചാടിയും മിഠായി എറിഞ്ഞും കുട്ടിച്ചാത്തന്മാർ കുട്ടികളെ ഇളക്കി മറിച്ചു. സ്കൂളിൽ ആരംഭിക്കുന്ന കലാപരിശീലന കേന്ദ്രമായ ചിത്രാംബരി കലാക്ഷേത്രത്തിന്റെ ഉദ്ഘാടനവും നടന്നു.

pathanamthitta-child
തോട്ടുവ ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് മാതാവിന്റെ കയ്യിൽ നിന്ന് പിടിത്തം വിടാൻ മടിക്കുന്നു. ചിത്രം:മനോരമ

പ്രവേശനം സൗജന്യം; ബസ്സിലും ഉത്സവം

pathanamthitta-sweets
ചോക്ലേറ്റ് കഴിച്ചു ശീലിച്ച കുട്ടികൾക്ക് പഴയ കാലത്തെ നാട്ടു മിഠായികളുടെ മധുരമൊരുക്കി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം. വിദ്യാർഥികൾക്ക് അധ്യാപകർ ഒരുക്കിയ തട്ടുകടയിൽ നിന്ന് മിഠായി വിതരണം ചെയ്യുന്നു. ഡിജിറ്റൽ ക്ലൗൺ എജ്യുക്കേഷൻ ഡോക്യു ഡ്രാമയുടെ അവതരണവും നടന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലെ മാറ്റങ്ങൾ വ്യക്തമാക്കുന്ന നാടകം സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾക്കൊപ്പം ക്ലൗൺ ആർട്ടിസ്റ്റും മലയാളം അധ്യാപകനും നാടകക്കാരനുമായ മനോജ് സുനിയാണ് അവതരിപ്പിച്ചത്. സാധാരണ ക്ലാസ് മുറിയിൽ നിന്നു ഡിജിറ്റൽ വിപ്ലവത്തിലേക്ക് എത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയെ ആവിഷ്കരിക്കുന്നതായിരുന്നു നാടകം. ചിത്രം: മനോരമ

പത്തനംതിട്ട ∙ സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയുടെ ആശ്വാസമായിരുന്നു ഇന്നലെ സ്കൂൾ കുട്ടികൾക്ക്. പ്രവേശനോത്സവമായ ഇന്നലെ  സ്കൂളിൽ പോകാൻ  ബസിൽ കയറി എല്ലാ കുട്ടികൾക്കും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സൗജന്യ യാത്ര അനുവദിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കുട്ടികൾ പതിവു പോലെ പണം നൽകിയപ്പോൾ കണ്ടക്ടർമാർ വാങ്ങിയില്ല. ഇന്ന് വേണ്ടെന്നു കേട്ടതോടെ അവർക്കു സന്തോഷമായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ഉടമസ്ഥതയിൽ ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 319 ബസുകളിലാണ് ഇന്നലെ കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. 10,817 കുട്ടികൾക്ക് ഇന്നലെ ഇതിന്റെ പ്രയോജനം ലഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജി കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ലാലു മാത്യു എന്നിവർ പറഞ്ഞു.

pathanamthitta-balarama
കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവത്തിൽ നടത്തിയ ബാലരമ കാർട്ടൂൺ കഥാപാത്ര ആവിഷ്കാരം.
pathanamthitta-river
പാഠം ഒന്ന്, ഈ പുഴയും കടന്ന്... കോട്ടയം ജില്ലയുടെ ഭാഗമായ മൂലക്കയത്തു നിന്നു പമ്പാ നദി കടന്ന് പത്തനംതിട്ട ജില്ലയുടെ ഭാഗമായ കിസുമം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കാൻ എത്തുന്ന കുട്ടികൾ. ചെറിയ കുട്ടികളെ മുതിർന്നവർ എടുത്തു കൊണ്ടാണ് മറുകര എത്തിക്കുന്നത്. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ 8 കിലോമീറ്റർ ചുറ്റി എയ്ഞ്ചൽവാലി ക്രോസ് വേ കടന്നു വേണം സ്കൂളിലെത്താൻ. ആറ്റിലെ സ്ഥിരമായ പാത വിട്ട് നടന്നാൽ ചെളിമണ്ണിൽ താഴും. ആറ്റിൽ ആഴം കുറഞ്ഞ ഈ ഭാഗത്തു കൂടി നടന്നാൽ മൂലക്കയത്തെ കൊമ്പിൽ പടിക്കൽ വഴി മറുകരയിലെ റോഡിൽ എത്താം. മുൻപ് ഈ പ്രദേശത്ത് സ്വകാര്യ കടത്തുവള്ളം ഉണ്ടായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ കടവിലെ മിക്ക ഭാഗത്തും മണൽമൂടി. ഇതോടെ കടത്ത് നടത്താൻ കഴിയാത്ത സ്ഥിതിയായി. കുട്ടികൾ സ്കൂളിൽ പോയി വരും വരെ രക്ഷിതാക്കൾ ഏറെ ആശങ്കയോടെയാണ് കഴിയുന്നത്. കിസുമം സ്കൂളിനു മുന്നിൽ കിടങ്ങിൽ പടിക്കൽ പുതിയ പാലം നിർമിക്കുന്നതിനുള്ള സർവേ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ തുടർ പാലം ഇപ്പോഴും വിദൂരസ്വപ്നമായി തുടരുന്നു. ചിത്രം: എബി കുര്യൻ പനങ്ങാട്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com