പത്തനംതിട്ട∙ നേതാജിയിൽ മണിയടിച്ചാൽ പ്രമാടത്തെ വഴികളിൽ എല്ലാം മണികിലുക്കമാകും.. ഒന്നും രണ്ടുമല്ല ഒട്ടേറെ സൈക്കിളുകളിൽ നിന്ന്. വൈകിട്ട് 4 മണിക്ക് സ്കൂൾ വിടുന്നതിനായി മണി അടിച്ചു കഴിയുമ്പോഴേക്കും സൈക്കിളിൽ നിന്നുള്ള ‘‘കിണിംങ്.. കിണിംങ്...’’ ശബ്ദമാണു വഴിനീളെ. ഇതു കേൾക്കുമ്പോഴേ കാൽനടക്കാർ ഒഴിഞ്ഞു നിൽക്കും.
കുട്ടികൾ കടന്നു പോകും. പ്രധാന റോഡുകളിൽ മാത്രമല്ല നാട്ടുവഴികളിലൂടെ രാവിലെയും വൈകിട്ടും എല്ലാം സൈക്കിൾ ചവിട്ടി നീങ്ങുന്ന കുട്ടികളെയാണ് കാണുന്നത്. രാവിലെ രണ്ടും മൂന്നും പേരായി വരും.വൈകിട്ട് അവർ കൂട്ടത്തോടെ മടങ്ങും. സൈക്കിൾ യാത്രയെക്കുറിച്ചു ചോദിച്ചാൽ ഇവിടെ കുട്ടികൾ വാചാലരാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു സൈക്ലിങ് ഗുണകരമായ വ്യായാമായിട്ടാണ് അവർ കാണുന്നത്.
ജില്ലയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് സൈക്കിൾ വിൽപന കൂടിയതായി നഗരത്തിലെ പ്രധാന വ്യാപാരി എസ്.വി.പ്രസന്നകുമാർ പറഞ്ഞു. സാധാരണ സൈക്കിളിനു 5000 രൂപയാണ് കുറഞ്ഞ വില. കുട്ടികളുടെ ഇടയിൽ ഗിയർ സൈക്കിളിനാണു പ്രിയം കൂടുതൽ. ഇതിനു 13,000 മുതൽ 20,000 രൂപ വരെ വില വരും. ഇലക്ട്രിക് സൈക്കിളും വിപണിയിലുണ്ട്. 30,000 രൂപ മുതൽ മുകളിലേക്കാണ് ഇതിന്റെ വില.