ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ പല പ്രദേശങ്ങളിലും പുതിയ പഞ്ചായത്തുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ട വകുപ്പ് ശുപാർശ ചെയ്തിട്ടും  പുതിയ പഞ്ചായത്തുകളുടെ ഫയലുകളിൽ തീരുമാനം വൈകുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ വൈകുന്നതു മൂലം ജനങ്ങളാണു ദുരിതം അനുഭവിക്കുന്നത്. ഇനിയെങ്കിലും വൈകാതെ ഈ വിഷയത്തിൽ തീരുമാനം വേണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. 

പെരിങ്ങനാട് 

ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പള്ളിക്കൽ പഞ്ചായത്ത് വിഭജിച്ച് പെരിങ്ങനാട് പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാൽ നൂറ്റാണ്ടിലേറെയായി. പെരിങ്ങനാട് പഞ്ചായത്ത് രൂപീകരിക്കാൻ  ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുമതിയായിരുന്നു.എന്നാൽ അന്ന് പഞ്ചായത്ത് വിഭജനങ്ങളുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് വന്നതോടെയാണു നടക്കാതെ പോയത്. ഇപ്പോൾ വീണ്ടും പഞ്ചായത്ത് വിഭജനത്തിനുള്ള നടപടികൾ സജീവമായി നടക്കുന്നുണ്ട്.

പഞ്ചായത്ത് രണ്ടാക്കണമെന്നുള്ള ആവശ്യം പഞ്ചായത്ത് വിഭജന കമ്മിഷന്റെ പരിഗണനയിലാണെന്നു  അധികൃതർ പറയുന്നു.  23 വാർഡുള്ള പള്ളിക്കൽ പഞ്ചായത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 52,760 ആണ്. ഇത്രയും ജനങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്ത് രണ്ടാക്കണമെന്ന ആവശ്യമുന്നയിച്ചു മേലൂട് രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജനകീയ സമിതിയും സജീവമായി രംഗത്തുണ്ട്. 

പഞ്ചായത്തിലെ മ‍ൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ഡിസ്പെൻസറികളെല്ലാം പള്ളിക്കൽ വില്ലേജിലാണ്. പെരിങ്ങനാട് വില്ലേജിൽ ആകെയുളളത് വാടകക്കെട്ടിടത്തിലെ കൃഷിഭവനാണ്.  ആരോഗ്യ കേന്ദ്രങ്ങളിലേക്കും മൃഗാശുപത്രിയിലേക്കും പോകുന്നതിന് പെരിങ്ങനാട് വില്ലേജിലുള്ളവർ 13 കിലോമീറ്ററോളം സഞ്ചരിക്കണം.  പള്ളിക്കലിലേക്കു ബസ് സൗകര്യം കുറവായതിനാൽ പഞ്ചായത്ത് ആസ്ഥാനത്ത് എത്താനും ബുദ്ധിമുട്ടാണ്.  പെരിങ്ങനാട് വില്ലേജിന്റെ സമഗ്ര വികസനത്തിനും പുതിയ പഞ്ചായത്ത് വേണമെന്നു  ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു.  

ഓതറ 

ഇരവിപേരൂർ, കുറ്റൂർ, കോയിപ്രം പഞ്ചായത്തുകളിലായി കിടക്കുന്ന അവികസിത പ്രദേശമാണ് ഓതറ. ഇവിടെ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിനു രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഓതറയുടെ ഏതു കോണിൽ നിന്നും പഞ്ചായത്ത് ആസ്ഥാനത്തെത്താൻ 6 മുതൽ 10 കിലോമീറ്റർ വരെ യാത്ര ചെയ്യണം. ബസ് യാത്രാ സൗകര്യം തീരെ കുറവാണ്.  ഇരവിപേരൂർ, കുറ്റൂർ പഞ്ചായത്തുകളുടെ 5 വാർഡുകളും കോയിപ്രം പഞ്ചായത്തിന്റെ 3 വാർഡുകളും ഉൾപ്പെടുത്തി 13 വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം.

ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചപ്പോൾ പഞ്ചായത്തിന്റെ അതിർത്തികളായി വടക്ക് തിരുവാമനപുരം-പുന്നവേലി, ഇലഞ്ഞിമൂട് പാടശേഖരവും നെല്ലിമല റോഡും തെക്ക് വരട്ടാർ, പമ്പ എന്നിവയും കിഴക്ക് കുന്നത്തുകര പാടശേഖരം, നെല്ലിമല കനാൽ പാലം റോഡ്, പടിഞ്ഞാറ് വരട്ടാർ, കടവുംപാറതോട് എന്നിവയായി നിശ്ചയിച്ചിരുന്നു. തിരുവല്ല, ആറന്മുള നിയോജകമണ്ഡലങ്ങളിലെ 3 പഞ്ചായത്തുകളിൽ വിഭജിക്കപ്പെട്ടു കിടക്കുന്നതിനാൽ ഓതറയിൽ ഒരു വികസനവും ഇതുവരെ എത്തിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. 

അങ്ങാടിക്കൽ 

കൊടുമണിനു സമീപം  അങ്ങാടിക്കൽ പ്രദേശം കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യം ശക്തമാണ്. 1987, 88 കാലയളവിൽ ഈ ആവശ്യം ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ സജീവമായിരുന്നു. പ്രദേശത്ത് വേണ്ടത്ര വികസനം ഉണ്ടാകാത്തതു മൂലമാണു പുതിയ പഞ്ചായത്തിനു വേണ്ടി ജനങ്ങൾ വാദിക്കുന്നത്. പഞ്ചായത്തിലെ ഒന്നു മുതൽ 5 വരെ വാർഡുകൾ ഉൾപ്പെടുന്ന ചന്ദനപ്പള്ളി, അങ്ങാടിക്കൽ തെക്ക്, വടക്ക്, ഒറ്റത്തേക്ക്, വയണകുന്ന്, നെടുമൺകാവിന്റെ ചില പ്രദേശങ്ങൾ, ചാലപ്പറമ്പും ഉൾപ്പെടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അങ്ങാടിക്കൽ വില്ലേജ് ഉൾപ്പെടുന്ന പ്രദേശം എന്നിവ ചേർത്തു പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് ആവശ്യം. 

വില്ലേജ് ഓഫിസ്, സർക്കാർ ആയൂർവേദ ആശുപത്രി എന്നിവ അങ്ങാടിക്കൽ വടക്ക് കേന്ദ്രീകരിച്ച് നിലി‍വിലുണ്ട്. ഇതിന് സമീപമായി സർക്കാർ റവന്യു ഭൂമിയും ഉണ്ട്. അവിടെ പഞ്ചായത്തിനായി സർക്കാർ വക ഭൂമിയിൽ കെട്ടിടവും നിർമിക്കാം. ഒറ്റത്തേക്ക് പോലുള്ള പ്രദേശം കേന്ദ്രീകരിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള  ആശുപത്രി ഇല്ലാത്തതിന്റെ ദുരിതം ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്നു. ഇപ്പോൾ കൊടുമൺ കേന്ദ്രീകരിച്ച് നിലവിലുള്ള പഞ്ചായത്ത് 18 വാർഡുകൾ ഉൾപ്പെടുന്നതാണ്. ഈ വാർഡുകളെല്ലാം വലിയ വാർഡുകളായതിനാൽ. ഇവയെ വിഭജിച്ച് ചെറിയ വാർഡുകളാക്കണമെന്നാവശ്യവും ശക്തമാണ്.

തെള്ളിയൂർ

എഴുമറ്റൂർ പഞ്ചായത്ത് വിഭജിച്ചു തെള്ളിയൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. 1952 ജനുവരി 16നാണ് എഴുമറ്റൂർ - തെള്ളിയൂർ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഏഴ് വാർഡുകളായി എഴുമറ്റൂർ പഞ്ചായത്ത് രൂപം കൊണ്ടത്.1983 വില്ലേജുകളുടെ വിഭജനത്തിൽ തെള്ളിയൂർ, എഴുമറ്റൂർ വില്ലേജുകളുണ്ടായി. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് മാത്രം രണ്ടായില്ല. ഇതിന്റെ ഭവിഷ്യത്തുകളും പേറി ഇരു വില്ലേജുകളും യാത്ര തുടരുകയാണ്. ഈ ആവശ്യമുന്നയിച്ച് എൺപതുകളിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ചരിത്രവുമുണ്ട്. 1994 ഓഗസ്റ്റ് 16ന് തെള്ളിയൂരിന് സ്വന്തം പഞ്ചായത്ത് എന്ന പദവി നൽകാൻ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും പ്രാവർത്തികമായില്ല.

നിലവിൽ 14 വാർഡുകളുിലായി 23.27 ചതുരശ്ര കിലോമീറ്ററാണ് നിലവിൽ ഈ പഞ്ചായത്തിന്റെ വ്യാപ്തി. തെള്ളിയൂർ വില്ലേജിന് ചേർന്നുകിടക്കുന്ന അയിരൂർ, തോട്ടപ്പുഴശേരി, പുറമറ്റം എന്നീ പഞ്ചായത്തിലെ ചില വാർഡുകൾ ഇതുമായി കൂട്ടിയോജിപ്പിച്ചാൽ വിസ്തൃതിയും ജനസംഖ്യ അനുപാതവും നിലനിർത്താം. 

ശേഷിക്കുന്ന എഴുമറ്റൂർ വില്ലേജിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളിലെ ചില വാർഡുകൾ യോജിപ്പിച്ചാൽ സന്തുലിതാവസ്ഥ നിലനിർത്താം. ഭൂമിശാസ്ത്രപരമായ കാരണങ്ങൾ വരെ രണ്ടായി തിരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടും ഒന്നായി നിലനിൽക്കേണ്ടിവരുന്ന ഇന്നത്തെ അവസ്ഥ പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. യാത്രാസൗകര്യങ്ങളുടെ കാര്യത്തിലും ഈ ദുരവസ്ഥയുണ്ട്. റാന്നി-മല്ലപ്പള്ളി റോഡ് എഴുമറ്റൂരിനും റാന്നി-തിരുവല്ല റോഡ് തെള്ളിയൂരിനും പ്രധാന മാർഗങ്ങളാണ്.

എന്നാൽ ഇവയെ ബന്ധിപ്പിക്കുന്ന എഴുമറ്റൂർ - വാളക്കുഴി- തെള്ളിയൂർ ബസ് സർവീസില്ല. എഴുമറ്റൂർ മേഖലയിൽ നിന്ന് തെള്ളിയൂരിലെത്താൻ വെണ്ണിക്കുളത്തിറങ്ങി അടുത്ത ബസിൽ കയറണം. ടാക്സി വാഹനങ്ങളെ ആശ്രയിച്ചാൽ 250 മുതൽ 300 രൂപ വരെ ചെലവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com