ADVERTISEMENT

കോന്നി ∙ കൊക്കാത്തോട് കാഞ്ഞിരപ്പാറ ഭാഗത്തു കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട ബോംബ്, ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. വനാതിർത്തികളിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിക്കുന്നതായും മൃഗവേട്ട നടത്താൻ ശ്രമിക്കുന്നതുമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നീരാമക്കുളം, അള്ളുങ്കൽ, കാഞ്ഞിരപ്പാറ വനാതിർത്തികളിലായിരുന്നു സംഘം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാഞ്ഞിരപ്പാറ വനാതിർത്തിയിലെ കുടപ്പാറ തോട്ടിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലേദിവസം അവശനിലയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു. നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ശ്യാം ചന്ദ്രനാണു കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തിയത്. പന്നിപ്പടക്കം കടിച്ചോ മറ്റോ വായും നാക്കും മുറിവേൽക്കുകയും കീഴ്ത്താടിയെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു നിഗമനം.  ഡിഎഫ്ഒ ആയുഷ് കുമാർ കോറിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ പൊലീസ് പരിശോധന. സ്ഫോടക വസ്തു പരിശോധനയിൽ പ്രാവീണ്യം നേടിയ നമ്പർ 312 സീഗോ എന്ന പൊലീസ് നായയാണ് സംഘത്തിലുണ്ടായിരുന്നത്. കോന്നി പിആർഒ സനോജ്, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സജീവ്, കോന്നി സ്ട്രൈക്കിങ് ഫോഴ്സ്, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com