പോക്സോ കേസ് പ്രതി തെളിവെടുപ്പിനിടെ വിലങ്ങുമായി മുങ്ങി
Mail This Article
സീതത്തോട് ∙ പോക്സോ കേസിൽ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തെളിവെടുപ്പിനിടെ വിലങ്ങുമായി കടന്നുകളഞ്ഞു. മീൻക്കുഴി കൈലാസം തോട്ടു ഭാഗം ജിതിനാണ് (വിഷ്ണു – 24) പൊലീസിന്റെ കൺമുൻപിൽ നിന്ന് കടന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഭാര്യയും മക്കളുമുള്ള ജിതിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട്ടിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ ചിറ്റാറിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോഴാണ് കടന്നുകളഞ്ഞത്. ചിറ്റാർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
കനത്ത മഴ പെയ്യുന്ന സമയമായിരുന്നതിനാൽ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല. രാത്രി വൈകിയും പ്രദേശത്ത് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ തുടരുന്നു. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് വിൽക്കുന്നതായുള്ള പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പോക്സോ കേസിൽ ഇയാൾ പ്രതിയാകുന്നത്.