ADVERTISEMENT

പത്തനംതിട്ട ∙ മഴ തുടങ്ങിയതോടെ നഗരത്തിലൂടെയുള്ള കാൽനട യാത്ര പേടി സ്വപ്നമാകുന്നു. മണ്ണും ചെളിയും വെള്ളവും കൂടി കുത്തിയൊഴുകുകയാണു റോഡുകളിലൂടെ. വാഹനങ്ങൾ വരുമ്പോൾ ഓടി മാറിയില്ലെങ്കിൽ ചെളിവെള്ളത്തിൽ കുളിക്കാം. 

ഓടകൾ നികന്നു റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ നഗരത്തിൽ പലയിടത്തും. വലിയ വെള്ളക്കെട്ടാണ്. മഴ പെയ്താൽ മിനി സിവിൽ സ്റ്റേഷൻ മുതൽ അബാൻ വരെ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇവിടെ ഓടകൾ എല്ലാം നിറഞ്ഞു കിടക്കുകയാണ്. വെള്ളത്തിൽ ചവിട്ടാതെ റോഡിനു മധ്യത്തിലൂടെയാണ് കാൽനട യാത്രക്കാർ പോകുന്നത്. ഇതുകാരണം വാഹന യാത്രയും ബുദ്ധിമുട്ടിലാണ്. ഇരുചക്ര വാഹനയാത്രക്കാർ തെന്നിവീണുള്ള അപകടങ്ങൾ കൂടി. പൈപ്പിടാൻ കുഴിച്ച റോ‍ഡുകൾ 31ന് മുൻപു നന്നാക്കുമെന്നു പറഞ്ഞതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.

ഏറ്റവും തിരക്കേറിയ അബാൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ വാഹനത്തിരക്ക്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലാണ് വെള്ളക്കെട്ടുള്ള മറ്റൊരു സ്ഥലം. ഇവിടെ വെള്ളം ഒഴുകി പോകാൻ പുതിയ കലുങ്ക് കഴിഞ്ഞ വർഷം നിർമിച്ചതാണ്. എന്നാൽ ഓടയ്ക്കുള്ളിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം. ശുദ്ധജല പദ്ധതിയുടെ പൈപ്പിന്റെ വാൽവ് സ്ഥാപിക്കാനുള്ള പണി നടക്കുന്നതിനാൽ കുഴിയും അതിനു ചുറ്റും മണ്ണും കിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ വലിയ വെള്ളക്കെട്ടാണുള്ളത്. 

നഗരത്തിലേക്കു വരുന്ന എല്ലാ ബസുകളും ഇവിടെയാണ് നിർത്തുന്നത്. അതിനാൽ വെള്ളക്കെട്ട് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

ജനറൽ ആശുപത്രിക്കും ജോസ്കോയ്ക്കും മധ്യേ ടികെ റോഡിൽ തടാകം പോലെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇവിടെയുള്ള കലുങ്ക് അടഞ്ഞു കിടക്കുന്നതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. 

ജനറൽ ആശുപത്രിയിൽ വരുന്നവർ, മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് വാങ്ങാൻ എത്തുന്നവർ , കാൽനട യാത്രക്കാർ തുടങ്ങി എല്ലാവരെയും ഇതുമൂലം വിഷമത്തിലാണ്. മഴയ്ക്കൊപ്പം പൈപ്പ് പൊട്ടി ശുദ്ധജലം റോ‍ഡിലൂടെ ഒഴുകുന്നുണ്ട്. ആരോട് പറയാൻ, ആരു ചോദിക്കാൻ എന്നവസ്ഥയിലാണു ജനം. തൈക്കാവ് സ്കൂളിലേയ്ക്കുള്ള റോഡും തകർന്നു തരിപ്പണമായി കിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com