തണ്ണിത്തോട് ∙ ജനവാസ മേഖലയോടു ചേർന്ന വനാതിർത്തികളിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ വനംവകുപ്പ് ഡോഗ് സ്ക്വാഡ് പരിശോധന തുടരുന്നു. വനാതിർത്തികൾ കേന്ദ്രീകരിച്ച് പന്നിപ്പടക്കവും മറ്റു സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു വന്യജീവികളെ അപായപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെ പല ഭാഗങ്ങളിലും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന ഊർജിതമാക്കിയത്.
കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വടക്കേ മണ്ണീറ, തലമാനം, കോട്ടാംപാറ എന്നിവിടങ്ങളിലും കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നീരാമക്കുളത്തും ജനവാസ മേഖലയോട് ചേർന്ന് വനാതിർത്തികളിലും ജനവാസ മേഖലകളിലും പരിശോധന നടത്തി.പ്രബേഷനറി റേഞ്ച് ഓഫിസർമാരായ സഞ്ജീവകുമാർ, എസ്.സനോജ് എന്നിവരുടെ നേതൃത്വത്തിൽ കൊക്കാത്തോട്, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാർ പരിശോധനയിൽ പങ്കെടുത്തു.
വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലെ സ്നിഫേഴ്സ് ഡോഗ് സ്ക്വാഡിലെ എസിഎഫ് (അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ) റാങ്കിലുള്ള ജെന്നി എന്ന നായയെ ആണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഡോഗ് ഹാൻഡ്‌ലർ ശേഖർ, അസിസ്റ്റന്റ് ഹാൻഡ്‌ലർ അനീഷ്, ഡ്രൈവർ ആരോമൽ എന്നിവരാണ് സ്ക്വാഡിലുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയലെ താഴെ പൂച്ചക്കുളം, മേലേ പൂച്ചക്കുളം, ഏഴാംതല ഭാഗങ്ങളിൽ വനംവകുപ്പ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.ദിവസങ്ങൾക്ക് മുൻപ് പൊലീസിന്റെ ഡോഗ് സ്ക്വാഡ് കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയാണ് തുടക്കമിട്ടത്.