കോസ്‌വേ മുങ്ങിയാലും ഇനി നാട് ഒറ്റപ്പെടില്ല; പെരുന്തേനരുവി–കുരുമ്പൻമൂഴി വനപാത നവീകരിക്കും

Mail This Article
വെച്ചൂച്ചിറ ∙ പമ്പാനദിയിൽ ജലനിരപ്പുയർന്നാലും കുരുമ്പൻമൂഴി, മണക്കയം എന്നീ പ്രദേശങ്ങൾ ഇനി ഒറ്റപ്പെടില്ല. പെരുന്തേനരുവി–കുരുമ്പൻമൂഴി വന പാത നവീകരിക്കുന്നതോടെയാണിത്. റീ ബിൽഡ് കേരള പദ്ധതിയിൽ പാതയുടെ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്. ചണ്ണ–പെരുന്തേനരുവി–കുരുമ്പൻമൂഴി–മണക്കയം വനപാതയുടെ ഭാഗമാണ് പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിയുടെ തടയണ മുതൽ മണക്കയം വരെയുള്ള റോഡ്. 2 കിലോമീറ്ററാണ് ദൂരം. 2 കോടിയോളം രൂപ ചെലവഴിച്ചാണ് വികസനം. ആദ്യം മണ്ണിട്ടു റോഡ് നിരപ്പാക്കിയിരുന്നു. അതിനു മുകളിൽ മെറ്റലും സിമന്റും ചേർന്ന മിശ്രിതമിട്ട് റോഡ് നിരപ്പാക്കി. തുടർന്നാണ് തിങ്കളാഴ്ച മുതൽ കോൺക്രീറ്റിങ് ആരംഭിച്ചത്. 3 മീറ്റർ വീതിയിൽ 10 സെന്റീമീറ്റർ കനത്തിലാണ് കോൺക്രീറ്റിങ്. വനാതിർത്തിയായ ആർപ്പുംപാറ നിന്നാണ് കോൺക്രീറ്റ് ആരംഭിച്ചത്. പെരുന്തേനരുവി ഭാഗത്തേക്കാണ് പണി നടത്തുന്നത്.
കോസ്‌വേ മുങ്ങിയാൽ ദുരിതം
കുരുമ്പൻമൂഴി, മണക്കയം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു പുറംനാടുകളുമായി ബന്ധപ്പെടാനുള്ള ഏക മാർഗം പമ്പാനദിയിലെ അടുക്കളപ്പാറ കടവിൽ നിർമിച്ച കോസ്‌വേയായിരുന്നു. ആറ്റിൽ വെള്ളം ഉയരുമ്പോൾ കോസ്‌വേ മുങ്ങും. പിന്നീട് ദിവസങ്ങളോളം പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി തടയണ നിർമിച്ചപ്പോൾ മുകളിൽ ചെറിയ വാഹനങ്ങൾ കടന്നു പോകാവുന്ന പാലവും പണിതിരുന്നു. ഇതിനു ശേഷം കുരുമ്പൻമൂഴിയിൽ നിന്ന് വനത്തിലൂടെ സാഹസികമായി നടന്ന് യുവാക്കൾ പെരുന്തേനരുവിയിലെത്തി പുറംനാടുകളുമായി ബന്ധപ്പെട്ടിരുന്നു.
തുടക്കം കെഎസ്ഇബി
ചണ്ണ മുതൽ പെരുന്തേനരുവി വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് കെഎസ്ഇബിയാണ് ആദ്യം 1.54 കോടി രൂപ അനുവദിച്ചത്. ആർപ്പുംപാറ കടവിൽ കലുങ്കിനും അനുബന്ധ നിർമാണത്തിനുമായി 50 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. രാജു ഏബ്രഹാം എംഎൽഎയായിരിക്കെയാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ശേഷിക്കുന്ന ഭാഗം ഏറ്റെടുത്തത്. കരാർ നടപടി പൂർത്തിയാക്കുന്നതിൽ താമസം നേരിട്ടതു മൂലമാണ് നിർമാണം ഇത്രത്തോളം വൈകിയത്.