നെടുമ്പ്രം കുടുംബശ്രീ തട്ടിപ്പ്: നാളെ പൊലീസിൽ പരാതി നൽകാൻ പഞ്ചായത്ത്

Mail This Article
തിരുവല്ല ∙ നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസിൽ പരാതി നൽകിയില്ല. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി പൊലീസിൽ പരാതി നൽകണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചെങ്കിലും നാളെ നൽകാനാണ് തീരുമാനം. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് ഒതുക്കിത്തീർക്കാനുള്ള നീക്കവും സജീവമായതായി പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ 21 അജണ്ടയിൽ അവസാനത്തെ ഇനമായായിട്ടാണ് കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടുത്തിയത്.
ഇത് ആദ്യത്തെ വിഷയമായി ചർച്ച ചെയ്യണമെന്ന് ബിജെപി അംഗങ്ങളായ ടി.എസ്.സന്ധ്യാമോളും കെ.മായാദേവിയും കോൺഗ്രസിലെ ജിജോ ചെറിയാനും ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പരാതി നൽകി പഞ്ചായത്തിനു നഷ്ടമായ തുക വീണ്ടെടുക്കാനുമാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അറിയിച്ചു. തുടർന്ന് ഏകകണ്ഠമായി തീരുമാനം എടുക്കുകയായിരുന്നു. കമ്മിറ്റി തീരുമാനം കൂടി ഉൾപ്പെടുത്തി പരാതി നൽകും.