നെടുമ്പ്രം കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ്: മെംബർ സെക്രട്ടറി പരാതി നൽകി

Mail This Article
തിരുവല്ല ∙ നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് കേസിൽ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും നിർദേശിച്ച മെംബർ സെക്രട്ടറി ഇന്നലെ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഡിഎസ് കമ്മിറ്റിയും പൊതുയോഗവും മെംബർ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെയാണ് പൊലീസിൽ പരാതി നൽകാൻ ചുമതലപ്പെടുത്തിയത്. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നിലവിലെ മെംബർ സെക്രട്ടറിയുടെ കാലയളവിൽ അക്കൗണ്ടിൽനിന്നു കുടുംബശ്രീ അധ്യക്ഷയുടെ പേരിൽ തുകയായി പിൻവലിച്ചിട്ടുള്ള 2,91,420 രൂപയ്ക്ക് വിശദീകരണം നൽകാൻ ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇവരെ തെറ്റിദ്ധരിപ്പിച്ച് കൃത്രിമ ഫയലുകൾ ഹാജരാക്കിയാണ് പണം പിൻവലിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ക്രമക്കേടിന്റെ കാലത്ത് അധ്യക്ഷയും അക്കൗണ്ടന്റും ആയിരുന്നവരെ സസ്പെൻഡ് ചെയ്തെങ്കിലും ആ സമയത്ത് മെംബർ സെക്രട്ടറിയായിരുന്നയാൾക്കെതിരെ ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല. പാലക്കാട് ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തി ഫയലുകൾ പരിശോധിച്ചെന്നും അറിയുന്നു.
കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കണമെന്നും അപഹരിച്ച തുക വീണ്ടെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എസ്.ഗിരീഷ് കുമാർ, അംഗം എ.വൈശാഖ് എന്നിവർ ആവശ്യപ്പെട്ടു. 2015 മുതൽ കുടുംബശ്രീ ഓഡിറ്റ് നടപടികൾ കാര്യക്ഷമമല്ലാത്തതിനാൽ ക്രൈസിസ് ഫണ്ട് അടക്കം തിരിച്ചടയ്ക്കാത്ത വിഷയത്തിൽ മുൻ ബിജെപി ഭരണ സമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടുംബശ്രീയുടെ പേരിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ തുടങ്ങിയ എല്ലാ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വായ്പ തിരിച്ചടവും പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ വിജിലൻസ് ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്.