‘നിയമം പാലിക്കൂ, അപകടം ഒഴിവാക്കൂ’; മണിക്കൂർ നീണ്ട പരിശോധന നടത്തി മോട്ടർ വാഹന വകുപ്പ്
Mail This Article
പന്തളം ∙ എംസി റോഡിൽ അപകടങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുളനട മുതൽ മാന്തുക വരെ 2 മണിക്കൂർ നീണ്ട പരിശോധന നടത്തി മോട്ടർ വാഹന വകുപ്പ്. ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ഉൾപ്പെടെ 40-ഓളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചു. നിയമലംഘനങ്ങൾക്കും ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാത്തതിനും 240 കേസുകളെടുത്തു.
ഇന്നലെ രാവിലെ 11 മുതൽ മാന്തുക ഗവ. യുപി സ്കൂൾ ജംക്‌ഷനിലായിരുന്നു പരിശോധന. പൊടുന്നനെ ഉദ്യോഗസ്ഥരുടെ നിര തന്നെ കണ്ടതോടെ ഡ്രൈവർമാരും പരിഭ്രമിച്ചു. അതേസമയം, നിയമലംഘനങ്ങൾക്ക് കേസെടുത്തെങ്കിലും ഈ മേഖലയിൽ അപകടം വർധിക്കുന്നതിന്റെ കാരണങ്ങൾ സൂചിപ്പിച്ചും മറ്റും സൗഹാർദപരമായിരുന്നു പരിശോധന. ജോയിന്റ് ആർടിഒമാരായ ഗീതാകുമാരി, പ്രദീപ് കുമാർ, മുരളീധരൻ ഇളയത് തുടങ്ങിയവർ നേതൃത്വം നൽകി. മേഖലയിൽ പട്രോളിങ് ശക്തമാക്കണമെന്ന് കുളനട പഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യകാരണം അമിതവേഗം
അപകടങ്ങൾ വർധിക്കുന്നതിന്റെ മുഖ്യകാരണം വാഹനങ്ങളുടെ അമിതവേഗം തന്നെയാണെന്ന് മോട്ടർ വാഹന വകുപ്പ്. ഒന്നാം പുഞ്ചയ്ക്കും രണ്ടാം പുഞ്ചയ്ക്കുമിടയിലാണ് പലപ്പോഴും അപകടങ്ങൾ ആവർത്തിക്കുന്നത്. മാന്തുക സ്കൂൾ ഭാഗത്തെ വളവ് കഴിഞ്ഞാൽ വളരെ ദൂരത്തിൽ റോഡ് ദൃഷ്ടിയിൽ പെടും. ഈ സൗകര്യം വേഗം കൂട്ടാൻ കാരണമാകുന്നുണ്ട്. മേഖലയിൽ റോഡിന്റെ വശങ്ങളിലുള്ള അനധികൃത പാർക്കിങ്ങും പ്രശ്നമാണ്. രാത്രികാലങ്ങളിൽ അമിതവേഗം പതിവാണ്. റോഡിന് കുഴപ്പങ്ങളില്ല. ഈ ഭാഗത്തെ പരമാവധി വേഗം ഇപ്പോൾ 90 കിലോമീറ്ററായി വർധിപ്പിച്ചിട്ടുമുണ്ട്. ഇതോടെ പിഴശിക്ഷ ലഭിക്കില്ല എന്നതും അമിതവേഗത്തിനു കാരണമാകുന്നതായി അധികൃതർ പറയുന്നു.
എന്തു കൊണ്ട് മാന്തുക ?
പറന്തൽ മുതൽ മാന്തുക വരെ അപകടമേഖലയാണെങ്കിലും മാന്തുകയിൽ പരിശോധന നടത്താൻ തിരഞ്ഞെടുത്തതിൽ കാരണമുണ്ടെന്ന് അധികൃതർ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമാണ് മാന്തുക. അത് കൊണ്ട് തന്നെ, ഈ ഭാഗം കോഴഞ്ചേരി, അടൂർ ഓഫിസുകളുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ വരുന്നില്ല. നിലവിൽ ഈ ഭാഗം അപകട മേഖലയായി നിർണയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2 അപകടങ്ങളിലായി 4 പേർ മരിച്ചത് മാന്തുകയിലാണ്.
240 കേസുകൾ, 2 ലക്ഷം പിഴ
പരിശോധനയിൽ നിയമലംഘനത്തിന് 240 കേസുകളെടുത്തു. പന്തളം-റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. 18 പേർക്കെതിരെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കേസുണ്ട്. 2 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി. ഓവർലോഡ്, ഗ്ലാസുകളിലെ സൺഫിലിം, സൈലൻസറും ലൈറ്റുകളും അടക്കമുള്ള അനധികൃത വസ്തുക്കൾ ഘടിപ്പിക്കൽ, എയർഹോൺ, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിലെ നിയമലംഘനങ്ങൾക്കാണു കൂടുതലായും പിഴ ചുമത്തിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
കുരമ്പാലയിൽ ജാഗ്രത പോരാ
പറന്തൽ-മാന്തുക പാതയിലെ അപകടങ്ങളുടെയും മരണങ്ങളുടെയും കണക്കെടുത്താൽ ഏറിയ പങ്കും കുരമ്പാലയിലാണ്. കുരമ്പാല സ്വദേശികളായ ഒട്ടേറെ പേർ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന്റെ വിറങ്ങലിപ്പ് ആ നാടിനിപ്പോഴുമുണ്ട്. ബ്ലാക്ക് സ്പോട്ടായി നിർണയിച്ചതൊഴിച്ചാൽ ഈ മേഖലയിൽ പഠനങ്ങൾ നടന്നിട്ടില്ല. കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയില്ല. എംസി റോഡ് വികസന പദ്ധതിയും നവീകരണ പദ്ധതിയും വികലമായി നടപ്പാക്കിയ ഭാഗം കൂടിയാണിത്. പല ഭാഗങ്ങളിലും ആവശ്യമായ വീതിയുമില്ല. ഏറ്റവുമൊടുവിലായി നടപ്പാക്കിയ നവീകരണ പദ്ധതിയും ഇവിടെ അപൂർണമാണ്. അപകടങ്ങളാവർത്തിച്ചിട്ടും ഓട നിർമാണം അടക്കം പൂർത്തിയാക്കാനുണ്ടായിട്ടും കെഎസ്ടിപി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
''മാന്തുക അപകടമേഖലയാണ്. അമിതവേഗമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. പന്തളം, ചെങ്ങന്നൂർ ടൗണുകളിലെ തിരക്ക് കടന്നെത്തുന്നവർ ഈ ഭാഗത്തെത്തുമ്പോൾ വേഗം കൂട്ടും. സർവേ നടത്തി ഈ മേഖലയിലെ വേഗം 90 ആയി നിശ്ചയിച്ചതാണ്. ഇനി കുറയ്ക്കാനാവില്ല. ബോധവൽക്കരണത്തിലൂടെ നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. പരിശോധനയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി തുടർ നടപടികൾ സ്വീകരിക്കും. മേഖലയിൽ രാത്രികാല പട്രോളിങ് അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന കാര്യം ആലോചനയിലുണ്ട്.'' എ.കെ.ദിലു, (ആർടിഒ, പത്തനംതിട്ട).