തുടർച്ചയായി മൂന്നു ദിവസം വരെ പുലിയുടെ സാന്നിധ്യം; ഒഴിയാതെ ഭീതി
Mail This Article
കൂടൽ ∙ ഒരു പുലി കൂട്ടിലായെങ്കിലും പ്രദേശത്തെ ഭീതി ഒഴിയുന്നില്ല. ഇഞ്ചപ്പാറ മഠത്തിലേത്ത് ബാബുവിന്റെ പശുക്കിടാവിനെ കൊന്ന ശേഷം 4 പുലിയെ വരെ വീട്ടുകാർ നേരിൽ കണ്ടിട്ടുണ്ട്. തുടർച്ചയായി മൂന്നു ദിവസം വരെയും ഇവയുടെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. ഒരു വർഷം മുൻപ് ബാബുവിന്റെ സഹോദരൻ ജോസിന്റെ ആടുകളെയും പുലി പിടിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
ഒരു മാസം മുൻപ് പാക്കണ്ടത്തിലും ആടിനെ കാണാതായിരുന്നു. ഇതെല്ലാം ഒരേ ചുറ്റളവിലുള്ള പ്രദേശങ്ങളാണ്. പിന്നീട് കുറെ ദിവസം ശല്യമൊന്നുമുണ്ടായില്ലെങ്കിലും 31ന് പുലർച്ചെ പാക്കണ്ടം എന്ന സ്ഥലത്ത് വള്ളിവിളയിൽ രണേന്ദ്രൻ എന്ന ആളുടെ രണ്ട് ആടുകളെ പുലി കൊന്നു. അന്നു തന്നെ വനംവകുപ്പ് ഇവിടെയും കൂട് സ്ഥാപിച്ചു. പരിശോധനയിൽ 400 മീറ്ററിനപ്പുറം ഒരു ആടിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പുലി കടിച്ചെടുത്തുകൊണ്ടുപോയി ഭക്ഷിച്ചതാണെന്നു മനസ്സിലാകുകയും ചെയ്തിരുന്നു.
ഈ മാസം ആദ്യ ആഴ്ചയിൽ അരുവാപ്പുലം പഞ്ചായത്തിൽപെടുന്ന മ്ലാന്തടം എന്ന സ്ഥലത്തും ഊട്ടുപാറ ഭാഗത്തും ഓരോ ആടിനെ വീതം പുലി കൊന്ന സംഭവവും ഉണ്ടായി. തുടർന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടായില്ലെങ്കിലും അധികൃതർ കൂട് വച്ച സ്ഥലത്തു നിന്ന് തിരികെ കൊണ്ടുപോയിരുന്നില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി പാക്കണ്ടത്തെ കൂട്ടിൽ പുലി അകപ്പെടുന്നത്. അതിനാൽ വീണ്ടും ഇവിടെ കൂട് വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local