നിയന്ത്രണം നഷ്ടപ്പെട്ട കാർ 5 വാഹനങ്ങളിൽ ഇടിച്ചു
Mail This Article
പെരുമ്പെട്ടി ∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ കാൽനടയാത്രികനെയും അഞ്ച് വാഹനങ്ങളെയും ഇടിച്ച ശേഷം വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാവിലെ 10.02ന് ചുങ്കപ്പാറ സെൻട്രൽ ജംക്‌ഷനും ബസ് സ്റ്റാൻഡ് കവാടത്തിനും ഇടയിലായിരുന്നു അപകടം. പൊന്തൻപുഴ റോഡിൽ നിന്ന് കോട്ടാങ്ങൽ ഭാഗത്തേക്ക് എത്തിയ കാർ എതിർദിശയിലെത്തിയ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കാൽനടയാത്രികനെ ഇടിക്കുകയായിരുന്നു.
തുടർന്ന് പാതയോരത്ത് വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലുണ്ടായിരുന്ന നാല് ഇരുചക്ര വാഹനങ്ങളും തട്ടിമറിച്ച ശേഷം പച്ചക്കറിക്കടയിലേക്കും സമീപം പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാപാര സ്ഥാപനത്തിന് മുൻപിൽ ആരുംതന്നെ ഇല്ലാതിരുന്നതിനാൽ അപകടം വഴിമാറുകയായിരുന്നു.
ചേത്തയ്ക്കൽ സ്വദേശിനിയാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ കാൽനടയാത്രികൻ കോട്ടയം കങ്ങഴയിലെ സ്വകാര്യ പലഹാര നിർമാണശാല ജീവനക്കാരൻ കൊൽക്കത്ത സ്വദേശി സുജയ് (28) കാഞ്ഞിരപ്പളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.