പത്തനംതിട്ട ജില്ലയെ സിനിമയിലെടുത്ത ജീവിത‘യാത്രയുടെ അന്ത്യം’
Mail This Article
പത്തനംതിട്ട ∙ ചമയങ്ങളൊന്നും അണിയിക്കാതെ ജന്മനാടായ തിരുവല്ലയെ സിനിമയിലെടുത്ത ചലച്ചിത്ര പ്രതിഭയായിരുന്നു അന്തരിച്ച കെ.ജി.ജോർജ്. ഛായാഗ്രാഹകന്മാരായ വേണുവിന്റെയും സണ്ണി ജോസഫിന്റെയും ക്യാമറ അന്നാദ്യമായി തിരുവല്ല എസ്‌സിഎസ് കവലയെ ഒപ്പിയെടുത്തു. കെ.ജി.ജോർജ് 1988ൽ ദൂരദർശനുവേണ്ടി സംവിധാനം ചെയ്ത യാത്രയുടെ അന്ത്യം എന്ന ടെലിഫിലിം ആരംഭിക്കുന്നത് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ്. മന്ദാരത്തോപ്പ് എന്ന ബോർഡ് വച്ച ബസിൽ കഥാനായകൻ കയറുന്നതോടെ സിനിമയുടെ കഥ ചുരുളഴിയുന്നു. ബാക്കി ഭാഗങ്ങളെല്ലാം ചിത്രീകരിക്കുന്നത് അയിരൂർ തീയാടിക്കലിലും കുമ്പനാട്ടും ഇരവിപേരൂരിലും റാന്നിയിൽ പമ്പാ നദിയുടെ തീരത്തും മറ്റുമായിരുന്നു.
സിനിമയിലെ യാത്രയുടെ അന്ത്യം കുറിക്കുന്ന മരണരംഗത്തിനു വേദിയാകുന്നത് അയിരൂരിലെ പള്ളിയും മറ്റുമായിരുന്നു. എൺപതുകളുടെ ഒടുവിലെ തിരുവല്ല പട്ടണം ഈ സിനിമയിൽ നന്നായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ജീവിത പ്രതീക്ഷകളെ തച്ചുടച്ച് എത്തുന്ന അപ്രതീക്ഷിത മരണവും ഇതിനിടയിലും ജീവിതം കെടാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധാരണ മനുഷ്യർ സഹിക്കേണ്ടി വരുന്ന അതിജീവന സംഘർഷങ്ങളുമാണ് മധ്യതിരുവിതാംകൂറിന്റെ മനോഹര ദൃശ്യങ്ങളിലൂടെ ജോർജ് യാത്രയുടെ അന്ത്യത്തിൽ പുനഃസൃഷ്ടിച്ചത്. ഭാവിയിലുണ്ടാകാൻ പോകുന്ന മൂല്യച്ചോർച്ചകളും ജോർജ് അന്നേ ക്യാമറകണ്ണിലൂടെ കണ്ടു.
തിരുവല്ലയുടെ ക്രൈസ്തവ പശ്ചാത്തലത്തിനു പറ്റിയ ഗാനങ്ങളും ദൃശ്യങ്ങളുമായി നൊമ്പരം അവശേഷിപ്പിച്ചാണ് യാത്രയുടെ അന്ത്യം സമയരഥമേറുന്നത്. ജോർജിന്റെ ആദ്യകാല സിനിമകളിലൊന്നായ കോലങ്ങൾ നിർമിക്കുന്നതിനു സഹായം നൽകിയത് കവലയ്ക്കൽ കെ.ടി.വർഗീസ് എന്ന തിരുവല്ലക്കാരൻ പ്രവാസിയായിരുന്നു. തിരുവല്ല എസ്‌സിഎസ് സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും. ഡി.ഫിലിപ്പും പിന്നീട് നിർമാതാവായി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local