പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Mail This Article
പന്തളം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം 2 വർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽപാം എസ്റ്റേറ്റ് സനൽ ഭവനിൽ സനലാണ് (24) പിടിയിലായത്. കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽ പാം എസ്റ്റേറ്റിലെ വനമേഖലയിലെ വാടക വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ഇവ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. പ്രതി വനത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതറിഞ്ഞ യുവാവ് വനത്തിനുള്ളിലേക്ക് മാറി. വന്യമൃഗങ്ങൾ വ്യാപകമായുള്ള വനത്തിൽ സാഹസികമായിട്ടായിരുന്നു തിരച്ചിൽ. ഇന്നലെ രാവിലെയോടെ പ്രതിയെ കീഴടക്കി.
ഡിവൈഎസ്പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്ഐ വി.വിനു, സിപിഒമാരായ എസ്.അൻവർഷ, കെ.അമീഷ്, നാദിർഷ, ബിനു രവീന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെൺകുട്ടിയിൽ നിന്നു പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വർണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.