ADVERTISEMENT

പത്തനംതിട്ട ∙ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. വോട്ടെടുപ്പു നടന്ന മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ കോംപൗണ്ടിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടി. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തി വീശി. രാവിലെ 8 മണിയോടെ മാർത്തോമ്മാ ഹൈസ്കൂളിനടുത്തുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു. വോട്ടു ചെയ്തു മടങ്ങിയ ഒരുസംഘം ചെറുപ്പക്കാർ പലതവണ പോളിങ് ബൂത്തിലേക്ക് എത്തി കള്ളവോട്ടു നടത്തുന്നതായും ഇതു തടയാൻ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം.

ഇതിനിടെ യുഡിഎഫ് കള്ളവോട്ടുകൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകരും ഇവിടേക്കെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമായി. തുടർന്നുണ്ടായ ലാത്തിവീശലിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അടക്കം ഒട്ടേറെ യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ്‌ ഓമല്ലൂർ മണ്ഡലം പ്രസിഡന്റ്‌ സുനിൽ കുമാർ, ആന്റോ ആന്റണി എംപിയുടെ ഓഫിസ് ജീവനക്കാരായ ആൽഫിൻ, ആൽവിൻ എന്നിവർക്കുനേരെയും പൊലീസ് മർദനം ഉണ്ടായി. ഇതിനിടെ നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈന്റെ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞതും തർക്കത്തിനു വഴിതെളിച്ചു. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു.

വോട്ടെടുപ്പു തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ആരോപിച്ച് 2 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രവർത്തകരുടെ പ്രതിഷേധം കനത്തതോടെ വിട്ടയച്ചു. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എൽഡിഎഫിനു കള്ളവോട്ടു ചെയ്യാൻ സഹായം ഒരുക്കി നൽകുന്നതിന്റെ ഭാഗമായി പൊലീസ് യുഡിഎഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം യുഡിഎഫാണു കള്ളവോട്ടു ചെയ്തതെന്നും വോട്ടർമാർക്ക് സംരക്ഷണം നൽകുക മാത്രമാണു തങ്ങൾ ചെയ്തതെന്നും എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു.

ഇതിനിടെ പോളിങ് ബൂത്തിനു പുറത്തുവച്ചും ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വോട്ടെടുപ്പിനെത്തിയ ആളുടെ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയും നഗരസഭാ കൗൺസിലറുമായ ആർ. അഖിൽ കുമാറിനു മർദനമേറ്റത്. ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി. ആകെയുള്ള 11 സീറ്റിൽ 10 എണ്ണവും യുഡിഎഫ് വിജയിച്ചു.

ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി: ഡിസിസി പ്രസിഡന്റ്

സിപിഎം ഗുണ്ടകളെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ താക്കീതാണ് യുഡിഎഫ് പാനലിന്റെ തിളക്കമാർന്ന വിജയമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സിപിഎം നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും വാഹനങ്ങളിൽ ഒട്ടേറെ ഗുണ്ടകളെ ഇറക്കിയിട്ടും യുഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയാതിരുന്നത് ശക്തമായ ചെറുത്ത് നിൽപ്പുകൊണ്ടാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചെറുത്തുനിൽപ്പിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നടന്നത് അധികാര ദുർവിനിയോഗംആന്റോ ആന്റണി

സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് സിപിഎം ശക്തമായ അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT