അടച്ചുറപ്പുള്ള വീട് സ്വപ്നം മാത്രം; കലക്ടർക്കും പഞ്ചായത്തിനും അപേക്ഷ നൽകിയിട്ടും വീട് എന്ന പ്രതീക്ഷ അകലെ

Mail This Article
അടൂർ∙ ഷീറ്റും ടാർപോളിനും കൊണ്ടു കെട്ടിമറച്ച, അടച്ചുറപ്പില്ലാത്ത ചെറിയ കൂര കാറ്റിലും മഴയിലും തകരുമോ എന്ന ഭയത്തിലാണു പാറകൂട്ടത്ത് അച്ഛനും അമ്മയും ഇരട്ടമക്കളും അടങ്ങുന്ന കുടുംബം. പാറക്കൂട്ടം എസ് ഭവനിൽ സാം മാത്യുവും സെലീനയും പ്ലസ്ടുവിനു പഠിക്കുന്ന മകനും മകളുമടങ്ങുന്ന കുടുംബമാണ് ശക്തമായ കാറ്റിൽ നിലംപതിക്കാവുന്ന അടച്ചുറപ്പില്ലാത്ത ഷെഡിൽ കഴിയുന്നത്.സുരക്ഷിതത്വമുള്ള ഒരു വീടിനു വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് 13 വർഷമായി.
പഞ്ചായത്ത് അധികൃതർ കനിവു കാട്ടാത്തതിനാൽ ദുരിതത്തിലാണ്. പള്ളിക്കൽ പഞ്ചായത്തിലെ 16ാം വാർഡിലാണ് കുടുംബം താമസിക്കുന്നത്. സാം മാത്യു കൂലിപ്പണിക്കാരനാണ്. മഴയായതിനാൽ ഇപ്പോൾ ജോലിയില്ല. നേരത്തെ വീട്ടുജോലിക്കു പോയ സെലീനയ്ക്ക് ഹൃദയസംബന്ധമായ അസുഖം ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയായി.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ കുടുംബത്തിനു കഴിയാതെ വന്നതോടെയാണ് പള്ളിക്കൽ പഞ്ചായത്തിനെ സമീപിച്ചത്. 3 തവണ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ വീടിനു വേണ്ടി അപേക്ഷ സമർപ്പിച്ചു. ജനറൽ വിഭാഗമായതിനാൽ ഇതുവരെയും ഇവർക്ക് വീട് അനുവദിച്ചിട്ടില്ല. അടയ്ക്കടി മഴയും കാറ്റുമെത്തുന്നതിനാൽ ഭീതിയിലാണു കുടുംബം. കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ കലക്ടർക്കു പരാതി നൽകി.
ആ പരാതിയിൽ അടിയന്തരമായി തുടർ നടപടി സ്വീകരിക്കാൻ ഡപ്യൂട്ടി കലക്ടർ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. എന്നാൽ, ആ നിർദേശത്തിനു മേൽ പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ കുടുംബം നൽകിയ ഭവന പദ്ധതിയുടെ അപേക്ഷയിൽ മേൽ അർഹതാ പട്ടികയിൽ 358–ാം ക്രമനമ്പരിൽ ഉൾപ്പെടുത്തിയെന്നുള്ള കത്തു നൽകുക മാത്രമാണ് ഉണ്ടായത്.
ഈ കത്തിൽ അർഹതാ പട്ടികയിൽ ആദ്യ 50 പേരെയാണ് പരിഗണിക്കുന്നതെന്നും ഈ കുടുംബത്തെ വരും വർഷങ്ങളിലെ ലിസ്റ്റിന്റെ മുൻഗണനാ ക്രമമനുസരിച്ച് പരിഗണിക്കുമെന്നുമാണ് അറിയിച്ചത്. പഞ്ചായത്ത് അധികൃതരും തഴഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ നിർധന കുടുംബം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local