നെടുമ്പ്രം സിഡിഎസ് തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു സിഡിഎസ് അധ്യക്ഷ; അക്കൗണ്ടന്റ് എന്നിവരുടെ വീടുകളിലും പരിശോധന

Mail This Article
തിരുവല്ല ∙ നെടുമ്പ്രം പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ സാമ്പത്തിക തട്ടിപ്പുകേസിൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ കുടുംബശ്രീ ഓഫിസിലെത്തി ഫയലുകൾ പരിശോധിച്ചു. തുടർന്ന് സിഡിഎസ് അധ്യക്ഷ പി.കെ.സുജ, അക്കൗണ്ടന്റ് എ.ഷാനിമോൾ എന്നിവരുടെ വീടുകളിലെത്തി.
പി.കെ.സുജയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. ഒരാഴ്ചയായി ഇവരുടെ വീട് അടച്ചിട്ടിരിക്കുകയാണെന്നും സ്ഥലത്തില്ലെന്നുമാണ് വിവരം. ഇവർക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തി അന്വേഷണം നടത്തും. അക്കൗണ്ടന്റ് എ.ഷാനിമോളുടെ വീട്ടിലെത്തിയെങ്കിലും കാണാനായില്ല. ഇവിടെ നിന്നു ചില രേഖകൾ കണ്ടെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. ആദില നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ലഭിച്ച രേഖകൾ സംസ്ഥാന ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിനു നൽകി പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ ഓഡിറ്റിൽ 69 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. പുളിക്കീഴ് സിഐ ഇ.അജീബ്, എഎസ്ഐ ബി.വിനോദ്കുമാർ, സിപിഒമാരായ ടി.അഭിലാഷ് കുമാർ, കെ.എസ്.ശരത്, നിശാന്ത് പി.ചന്ദ്രൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local