ADVERTISEMENT

തിരുവല്ല∙ നെടുമ്പ്രം സിഡിഎസ് സാമ്പത്തിക ക്രമക്കേടിൽ കുറ്റക്കാർക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും കേരളത്തിലെ സിപിഎം അധികാരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ജനപ്രതിനിധികളായ ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ എന്നിവർ പൊടിയാടിയിൽ നടത്തിയ ഉപവാസ സമരത്തിന്റെ സമാപനവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, റെജി തൈക്കടവിൽ, അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, എ. പ്രദീപ്കുമാർ, രാജേഷ് മലയിൽ, നെബു കോട്ടയ്ക്കൽ, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ, പി.എസ്.മുരളീധരൻ നായർ, ബിനു കുര്യൻ എന്നിവർ പ്രസംഗിച്ചു.

സമരത്തിന്റെ സമാപന യോഗത്തിനിടെ സിപിഎം ജാഥയുടെ പ്രസംഗം ഉച്ചഭാഷിണിയെച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും
കോൺഗ്രസ് ഉപവാസ സമരത്തിന്റെ സമാപന യോഗത്തിനിടെ സമീപത്ത് സിപിഎം നേതൃത്വത്തിലുള്ള ജാഥയുടെ പ്രചാരണത്തിന് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചത് വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. പൊലീസ് അനുമതിയോടെയായിരുന്നു കോൺഗ്രസ് യോഗം. ഇതിന്റെ സമാപന സമ്മേളനത്തിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തിയത്.

തിരുവഞ്ചൂർ പ്രസംഗിക്കാനായി എത്തിയപ്പോൾ 20 മീറ്റർ മാറി എൻആർജി വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ജാഥയും എത്തി. ജാഥയ്ക്ക് സംരക്ഷണവുമായി സിപിഎം നേതാക്കളും എത്തിയതോടെ പ്രസംഗമായി. പ്രസംഗം നിർത്തിവയ്ക്കണമെന്ന് പൊലീസിനോട് തിരുവഞ്ചൂരും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനങ്ങിയില്ല. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

ഇതേത്തുടർന്ന് തിരുവഞ്ചൂരും, കോൺഗ്രസ് നേതാക്കളും തിരുവല്ല–കായംകുളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽനിന്നു പ്രസംഗിച്ചു പ്രതിഷേധമറിയിച്ചാണ് നേതാക്കൾ മടങ്ങിയത്. എൻആർജി വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലുള്ള പ്രചാരണ ജാഥയ്ക്ക് പൊലീസ് അനുമതി ലഭിച്ചിരുന്നതായി സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി പറഞ്ഞു. സംഭവത്തെത്തുടർന്ന് സിപിഎം പ്രകടനവും യോഗവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com