കാർഷിക മേഖലയിലെങ്ങും കാട്ടുപന്നിശല്യം രൂക്ഷം

Mail This Article
പുല്ലാട് ∙ പന്നിശല്യം വ്യാപകമായതോടെ കൃഷിയിറക്കാൻ കഴിയാതെ കർഷകർ. കൃഷിക്കാരുടെ മണ്ണിലെ അധ്വാനം ഒറ്റരാത്രി കൊണ്ട് നശിപ്പിക്കപ്പെട്ട സംഭവങ്ങൾ പുല്ലാട് മേഖലയിൽ ഏറെയാണ്. കഴിഞ്ഞ ദിവസവും ഇത്തരം സംഭവമുണ്ടായി. പുരയിടത്തിൽക്കാവ് കുറുങ്ങഴ മലഭാഗത്ത് ജോയ് മാത്യു കരിമ്പന്നൂരിന്റെ കൃഷി വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
വാഴ, ചേന, കാച്ചിൽ, ചേമ്പ് കൃഷിയ്ക്ക് പുറമേ തെങ്ങിൻതൈകളും പന്നികൾ കുത്തിമറിച്ചു. കാഞ്ഞിരപ്പാറ, ആലുംതറ, വട്ടമല, ഐരാക്കാവ് എന്നിവിടങ്ങളിലും ഇതേ സ്ഥിതിയാണ്. ഏറെ നാളത്തെ കർഷകരുടെ അധ്വാനത്തിനു പുറമേ കൃഷിക്കായി ചെലവാക്കിയ പണവും പന്നി ശല്യത്തിൽ നഷ്ടമാകുന്നു.
കാലങ്ങളായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ പോലും ഈ മേഖലയിൽ നിന്നു പിന്തിരിയുന്ന സ്ഥിതിയാണു നിലനിൽക്കുന്നത്.കൃഷിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. വിളകൾ നശിപ്പിക്കാൻ പന്നികൾ കൂട്ടത്തോടെയാണ് കൃഷിയിടങ്ങളിലേക്കെത്തുന്നത്. കാടുപിടിച്ച നിലയിലുള്ള പറമ്പുകളാണ് പന്നികളുടെ വാസസ്ഥലമെന്ന് കർഷകർ പറയുന്നു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. പന്നി ശല്യം തടയാൻ നടപടി വേണമെന്ന പരാതി കോയിപ്രം പഞ്ചായത്ത് അധികൃതരെ ഒരു വർഷം മുൻപ് അറിയിച്ചിട്ടും ഇതുവരെയും ഫലം ഉണ്ടായിട്ടില്ലെന്നും കർഷകർ പറഞ്ഞു.